'കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടി ജനാധിപത്യത്തെ നാണംകെടുത്തി'; അർണബ് ഗോസ്വാമിയുടെ അറസ്റ്റിന് എതിരെ അമിത് ഷാ

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് നടപടിയെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

‘കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടി ജനാധിപത്യത്തെ നാണംകെടുത്തി. റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ സംസ്ഥാന ഭരണകൂടം അധികാര ദുര്‍വിനിയോഗം ചെയ്യുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമാണിത്. ഇത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തെ സൂചിപ്പിക്കുന്നു. സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് നേരെയുള്ള ഈ ആക്രമണം എതിര്‍ക്കപ്പെടണം’- അമിത് ഷാ ട്വീറ്റ് ചെയ്തു.

അര്‍ണബിന്റെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കറും സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ മന്ത്രി, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം.

ഇന്ന് അര്‍ണബിനെ പിന്തുണക്കാത്തവര്‍ ഫാഷിസത്തെ പിന്തുണക്കുന്നവരാണെന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്മല്ലായിരിക്കാം. അദ്ദേഹത്തെ അംഗീകരിക്കുന്നില്ലായിരിക്കാം. പക്ഷേ നിങ്ങള്‍ നിശ്ശബ്ദരായി ഇരിക്കുന്നുണ്ടെങ്കില്‍ അടിച്ചമര്‍ത്തലിനെ പിന്തുണയ്ക്കുന്നു എന്നാണ് അര്‍ത്ഥമെന്ന് സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.

ഇന്ന് രാവിലെയാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ വസതിയില്‍ നിന്ന്  മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2018-ല്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്ന അന്‍വയ് നായികിന്റേയും അദ്ദേഹത്തിന്റെ മാതാവിന്റേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. അന്‍വയ് നായികിന്റെ ആത്മഹത്യാക്കുറിപ്പില്‍ അര്‍ണബിന്റെ പേരും പരാമര്‍ശിച്ചിരുന്നു. റിപ്പബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു അന്‍വായ് നായികിന്‍റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. റിപ്പബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്.

കേസില്‍ നേരത്തെ മഹാരാഷ്ട്ര പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നുവെങ്കിലും അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും പരാതി നല്‍കിയത് പ്രകാരമാണ് പുനരന്വേഷണം ആരംഭിച്ചതും അന്വേഷണവിധേയമായി അര്‍ണബിനെ കസ്റ്റഡിയിലെടുത്തതും.

Read more

ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണാബ് നിസ്സഹകരിക്കുകയായിരുന്നു. തുടര്‍ന്നാണ്  പൊലീസ് അറസ്റ്റ് ചെയ്തത്.