തമിഴ്‌നാട് കന്യാകുമാരിയിൽ വാക്കുതർക്കത്തെത്തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. മരിയ സന്ധ്യ(30) എന്ന യുവതിയെയാണ് ഭർത്താവ് മാരിമുത്തു(35) അതിക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്ന് കഷണങ്ങളാക്കി ബാഗിൽ സൂക്ഷിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹഭാഗങ്ങൾ കഴുകി കൊണ്ടുവരുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമം എന്ന പ്രദേശത്ത് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. അഞ്ച് മാസം മുൻപാണ് മാരിമുത്തുവും ഭാര്യ മരിയ സന്ധ്യയും അഞ്ചുഗ്രാമത്തിൽ താമസത്തിനെത്തുന്നത്. തൂത്തുക്കുടിയിൽ മീൻ വില്പനയുമായി ബന്ധപ്പെട്ട കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിയ സന്ധ്യ.
മരിയയുടെ പെരുമാറ്റത്തിൽ ഭർത്താവ് മാരിമുത്തുവിന് സംശയമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ അടിക്കടി തർക്കങ്ങളും ഉണ്ടാകുകയും മരിയ സന്ധ്യയുമായി ബന്ധം വേണ്ടെന്ന് മാരിമുത്തു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ജോലിക്കുപോയ മരിയയോട് വീട്ടിലേക്കെത്തുവാൻ മാരിമുത്തു ആവശ്യപ്പെട്ടു. മരിയ വീട്ടിലെത്തുമ്പോൾ വീട്ടിൽ ഇയാൾ ടി.വിയുടെ ശബ്ദം ഉച്ചത്തിലാക്കി വെച്ചിരുന്നു. ഇതിനുശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്.
പിന്നീട് മരിയയുടെ മൃതദേഹം മൂന്ന് കഷണങ്ങളാക്കി മുറിക്കുകയും ബാഗിലാക്കി കഴുകിയശേഷം തിരിച്ചുകൊണ്ടുവരുന്നതിനിടെ ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവർ മാരിമുത്തുവിനെ തടഞ്ഞുവെയ്ക്കുകയും ബാഗ് പരിശോധിക്കുകയും ചെയ്യുകയായിരുന്നു. ബാഗിനുള്ളിൽ മൃതദേഹം കണ്ടവിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസെത്തി മാരിമുത്തുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.