'ഞാന്‍ വിവാഹം കഴിച്ചു', നിരന്തരമായുള്ള ചോദ്യത്തിന് ഒടുവിൽ ഉത്തരം നൽകി രാഹുൽ ഗാന്ധി

എവിടെ പരുപാടി അവതരിപ്പിച്ചാലും രാഹുൽ ഗാന്ധി കേൾക്കുന്ന ചോദ്യമാണ് എന്നാണ് കല്യാണമെന്നുള്ളത്. ‘എനിക്കു ചേര്‍ന്നൊരു പെണ്‍കുട്ടി വരുമ്പോള്‍ വിവാഹം കഴിക്കാമെന്നതായിരുന്നു’ രാഹുലിന്റെ സ്ഥിരം മറുപടി. എന്നാലിപ്പോൾ നിരന്തരമായുള്ള ഈ ചോദ്യത്തിന് പുതിയൊരു ഉത്തരം നൽകിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് വിവാഹ ചോദ്യം വീണ്ടും രാഹുലിന്റെ മുൻപിലേക്കെത്തിയത്.

വിവാഹത്തെക്കുറിച്ച് പ്ലാനിങ് നടത്തിയോ എന്നതായിരുന്നു കൂട്ടത്തിലൊരാള്‍ ഉന്നയിച്ച ചോദ്യം. സ്വതസിദ്ധമായ ശൈലിയിലൊരു ചിരി പാസാക്കി 54 കാരനായ രാഹുല്‍ മറുപടി പറഞ്ഞതിങ്ങനെയാണ്; ‘ഇരുപത്, മുപ്പത് വര്‍ഷമായി ഞാന്‍ ഈ ചോദ്യം അഭിമുഖീകരിക്കുന്നു. ഇത്രയും വര്‍ഷം ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ എനിക്ക് സാധിച്ചു. യഥാര്‍ത്ഥത്തില്‍ ഞാന്‍ വിവാഹം കഴിച്ചു, കോണ്‍ഗ്രസ് പാര്‍ട്ടിയെ. പാര്‍ട്ടിയുടെ മുഴുനീള പ്രവര്‍ത്തകനായി മാറിക്കഴിഞ്ഞു’.

രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചയാണ്‌ വിദ്യാർത്ഥികളുമായി രാഹുൽ നടത്തിയത്.തുറന്ന സ്ഥലത്ത് ഒരു മേശയ്ക്ക് ചുറ്റും രാഹുലും വിദ്യാര്‍ത്ഥികളും ഒന്നിച്ചിരുന്നാണ് സംവാദാഹം നടത്തിയത്. ഗൗരവതരമായ ചോദ്യങ്ങള്‍ക്കു പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യം രാഹുലിനോട് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. എന്തായലും ഇത്തവണത്തെ രാഹുലിന്റെ ഉത്തരം എല്ലാവരെയും സംതൃപ്തിപെടുത്തിയിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പായുള്ള റാലിക്കിടെ റായ്ബറേലിയില്‍ വച്ചാണ് മുന്‍പ് ഈ ചോദ്യം രാഹുല്‍ നേരിടേണ്ടിവന്നത്. അന്ന് രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും ഉണ്ടായിരുന്നു. ചോദ്യം കേള്‍ക്കാത്ത രാഹുലിനോട് ആ ചോദ്യത്തിനു മറുപടി കൊടുക്കൂ എന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ഉടനുണ്ടാവും എന്നായിരുന്നു രാഹുലിന്റ അന്നത്തെ മറുപടി. ശ്രീനഗറില്‍ നടന്ന സംഭാഷണത്തിനിടെയും രാഹുല്‍, പ്രിയങ്കാ ഗാന്ധിയെ വിഡിയോകോള്‍ ചെയ്യുകയും വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയും ചെയ്തു.

Read more