കോവിഡ്-19 വാക്സിനുകളുടെ രണ്ട് ഡോസുകളും എടുത്തവരുടെ വീടുകൾക്ക് പ്രത്യേക തിരിച്ചറിയൽ സ്റ്റിക്കർ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
“ഹർ ഘർ ദസ്തക്” കോവിഡ് വാക്‌സിനേഷൻ കാമ്പെയ്‌ൻ രാജ്യത്തുടനീളം നടത്തുന്നതിന് സർക്കാരിതര സംഘടനകൾ, സിവിൽ സൊസൈറ്റി സംഘടനകൾ, വികസന പങ്കാളികൾ എന്നിവരുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിലാണ് മന്ത്രി നിർദ്ദേശം നൽകിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്ത് 80 ശതമാനം പേർക്ക് ഒരു ഡോസും 40 ശതമാനം പേർക്ക് രണ്ടു ഡോസും പൂർത്തീകരിക്കാനായത് സന്നദ്ധസംഘടനകളുടെ സഹകരണം മൂലമാണെന്നും എല്ലാവരും വാക്സിനെടുത്തുവെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
“കൊവിഡ് ലോക്ക്ഡൗൺ സമയത്ത് ആരും വെറുംവയറ്റിൽ ഉറങ്ങാൻ പോകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് സഹായം നൽകിയത് സർക്കാരിതര സംഘടനകളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും മുൻകൈയാണ്. ഇതിനാലാണ് കോവിഡ്-19 പ്രതിസന്ധിയിൽ ഇന്ത്യ തലയുയർത്തി നിന്നത്,” മന്ത്രി പറഞ്ഞു.