ആര്‍സി നഷ്ടപ്പെട്ടാല്‍ ഇനി മുതല്‍ പൊലീസ് സാക്ഷ്യപത്രം വേണ്ട; നടപടി ഒഴിവാക്കിയത് കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന്

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ലഭിക്കുന്നതിന് പൊലീസ് സാക്ഷ്യപത്രം ഒഴിവാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. നിലവില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍ പത്ര പരസ്യം കൂടാതെ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സാക്ഷ്യപത്രവും നിര്‍ബന്ധമായിരുന്നു. ഈ നടപടിയാണ് കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഴിവാക്കിയത്.

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണാതായെന്നും കണ്ടെത്താന്‍ സാധിക്കില്ലെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്ന സാക്ഷ്യപത്രമാണ് ഒഴിവാക്കിയത്. ഇനി മുതല്‍ പത്ര പരസ്യം നല്‍കി അതിന്റെ പകര്‍പ്പ് ഹാജരാക്കി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പിന് അപേക്ഷിക്കാം. ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭ്യമായതിനാല്‍ അസല്‍ പകര്‍പ്പുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്.

ഇതേ തുടര്‍ന്നാണ് പകര്‍പ്പുകളെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നത്. നിലവില്‍ രേഖകളുടെ ആധികാരികത ഓണ്‍ലൈനില്‍ പരിശോധിക്കാനാകും. വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസന്‍സും ഉള്‍പ്പെടെ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയതോടെ അസല്‍ രേഖകളുടെ ആവശ്യകത കുറഞ്ഞിട്ടുണ്ട്.