ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ ആദ്യ പാർലമെന്റ് സെഷനിൽ തന്നെ സിഎഎ റദ്ദാക്കും, അഗ്നിവീർ പദ്ധതിയും: പി ചിദംബരം

2024 ൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ സിഎഎയും അഗ്നിവീർ പദ്ധതിയും റദ്ദാക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം. ആദ്യ പാർലമെന്റ് സെഷനിൽ തന്നെ സിഎഎ റദ്ദാക്കും. അഗ്നിവീർ പദ്ധതിയും റദ്ദാക്കും. യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്നിവീറെന്നും സൈനിക വിരുദ്ധ നടപടിയാണെന്നും പി ചിദംബരം കുറ്റപ്പെടുത്തി. ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്നും പി ചിദംബരം പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പ്രധാനം. നരേന്ദ്ര മോദി രണ്ട് കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ തൊഴിൽ അവസരങ്ങൾ ഇല്ലാതായി. മോദി തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും പി ചിദംബരം ആരോപിച്ചു. അതേസമയം രാജ്യത്തെ സ്ഥാപനങ്ങൾ സ്വതന്ത്രമായല്ല പ്രവർത്തിക്കുന്നത്. സിഎജിയെ പോലും നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാരാണ്. 10 വർഷത്തിനിടെ 32 മാധ്യമപ്രവർത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. പലരും അറസ്റ്റിലായി. ഒരു കാർട്ടൂണിസ്റ്റിന് സ്വതന്ത്രമായി കാർട്ടൂൺ വരയ്ക്കാൻ പോലും കഴിയുന്നില്ല. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതായെന്നും പി ചിദംബരം കുറ്റപ്പെടുത്തി.