രാഷ്ട്രീയ എതിരാളികളായ കോൺഗ്രസും ബിജെപിയും മേഘാലയയിൽ ഒരേ സഖ്യത്തിൽ. മേഘാലയയിൽ ആംപെരിൻ ലിങ്ദോയുടെ നേതൃത്വത്തിലുള്ള അഞ്ച് കോൺഗ്രസ് എംഎൽഎമാരും മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി)യുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് പിന്തുണ നൽകി. ഈ സഖ്യത്തിൽ ബിജെപിയും പങ്കാളിയാണ്.
സാംഗ്മയുടെ മേഘാലയ ഡെമോക്രാറ്റിക് അലയൻസ് അഥവാ എംഡിഎയിൽ ചേരാൻ കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചതായി ആംപെരിൻ ലിംഗ്ദോ പറഞ്ഞു. അഞ്ച് കോൺഗ്രസ് എംഎൽഎമാരും ഇന്ന് സാംഗ്മയെ കണ്ട് പിന്തുണ അറിയിച്ച് കത്ത് നൽകി.
എൻപിപിയും കോൺഗ്രസും പരമ്പരാഗത എതിരാളികളായിരുന്നു, എന്നാൽ 12 കോൺഗ്രസ് എംഎൽഎമാർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ ഇരു പാർട്ടികളും അടുത്തു.
“ഞങ്ങൾ കൊണാർഡ് കെ സാംഗ്മയുടെ നേതൃത്വത്തിലുള്ള എംഡിഎയ്ക്ക് പിന്തുണ നൽകി, ഇന്ന് ഞങ്ങൾ സർക്കാരിനെ ശക്തിപ്പെടുത്തുന്നതിനായി എംഡിഎ സഖ്യത്തിൽ ചേർന്നു. ഞങ്ങൾ സിഎൽപി അംഗങ്ങൾ പിന്തുണാ കത്തിൽ ഒപ്പിട്ട് മേഘാലയ മുഖ്യമന്ത്രിക്ക് കൈമാറി,” കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടിയെ (സിഎൽപി) പരാമർശിച്ച് ആംപെരിൻ ലിംഗ്‌ദോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഞങ്ങൾ പരസ്‌പരം താൽപ്പര്യം സംരക്ഷിക്കുകയാണ്. ഞങ്ങളുടെ നിയോജക മണ്ഡലങ്ങൾക്ക് നീതി തേടുക എന്നതാണ് ഞങ്ങളുടെ പ്രധാന ഉദ്ദേശം. ഞങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ പൗരന്മാരുടെ പൊതുതാൽപ്പര്യത്തിനായി സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സർക്കാരിന്റെ തീരുമാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ എംഡിഎയെ പിന്തുണയ്ക്കുന്നു,” ആംപെരിൻ ലിംഗ്ദോ പറഞ്ഞു.
എന്നാൽ, “അധികാര ദാഹികളായ ആളുകൾ ഔദ്യോഗികമായി കൈകോർത്തു.” എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ മേഘാലയ യൂണിറ്റ് പ്രതികരിച്ചത്. “സത്യസന്ധരും അധികാരമോഹികളും ഔദ്യോഗികമായി കൈകോർത്തു. കോൺഗ്രസും എൻപിപി നേതൃത്വത്തിലുള്ള എംഡിഎയും തമ്മിലുള്ള ഈ സഖ്യം മേഘാലയയിലെ ഏക വിശ്വസനീയമായ ബദലായി തൃണമൂൽ കോൺഗ്രസിനെ ഒരിക്കൽ കൂടി വ്യക്തമായി അടയാളപ്പെടുത്തുന്നു. എല്ലാവരുടെയും വികസനത്തിനായി ഞങ്ങൾ പോരാടുന്നത് തുടരും,” തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു.
Read more
“കഴിഞ്ഞ വർഷം അവസാനം തൃണമൂൽ കോൺഗ്രസിൽ ലയിച്ച 12 മുൻ കോൺഗ്രസ് എംഎൽഎമാർ പ്രതിപക്ഷത്തിരിക്കാനും സംസ്ഥാനത്തിന്റെ വികസനത്തിനായി പോരാടാനുമുള്ള ഉദ്ദേശ്യത്തോടെയാണ് അങ്ങനെ ചെയ്തത്. ബാക്കിയുള്ള അഞ്ച് കോൺഗ്രസ് എം.എൽ.എമാർ എം.ഡി.എ-സർക്കാരിലേക്ക് കൂറുമാറിയത് അധികാരത്തിൽ തുടരാനുള്ള തങ്ങളുടെ അത്യഗ്രഹം കൊണ്ടാണ്,” തൃണമൂൽ കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.