അടുത്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രാജ്യത്തെ സുപ്രധാനമായ പല കേസുകളിലും നിരാശപ്പെടുത്തിയ ആളാണെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവെ.
ശ്രീരാമ ജന്മഭൂമിക്ക് അനുകൂലമായുള്ള അയോധ്യ വിധി എഴുതിയത് തന്നെ അദ്ദേഹമാണെന്ന് പലരും വിശ്വസിക്കുന്നുണ്ടെന്നും ജഡ്ജി ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട കേസില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധി അങ്ങേയറ്റം നിരാശപ്പെടുത്തിയെന്നും കരണ്‍ ഥാപ്പറിന് ‘ദി വയറി’ല്‍ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇന്ത്യ ഇന്നെത്തിപ്പെട്ട സ്ഥിതികള്‍ക്ക് ഇത്തരം കേസുകള്‍ക്ക് പ്രാധാന്യമുണ്ടെന്നും ഇത്തരമൊരു പശ്ചാത്തലം നിയുക്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനുണ്ടെന്നും അദേഹം പറഞ്ഞു. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് അടക്കമുള്ള നിര്‍ണായ വിധികള്‍ പുറപ്പെടുവിച്ചത് അദേഹമാണ്.
താന്‍ സ്‌നേഹിക്കുന്ന മനുഷ്യനൊപ്പം പോകാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ വന്ന് ഹാദിയ ആവശ്യപ്പെട്ടപ്പോള്‍ ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് കേഹാറും പ്രേമവിവാഹത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷണത്തിനുത്തരവിട്ടു.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഭാരവാഹി സ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാക്ക് തുടരാനായി ബി.സി.സി.ഐ ഭരണഘടന ഭേദഗതി ചെയ്യാന്‍ പുറപ്പെടുവിച്ച വിധിയാണ് നിരാശപ്പെടുത്തിയ മറ്റൊന്നെന്നും അദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഠാക്കൂര്‍ 2017ല്‍ വിരമിച്ച ശേഷം സുപ്രീംകോടതി താഴേക്ക് പോന്നു. കോടതി ഭരണകൂടത്തിന് കീഴടങ്ങി. ഊര്‍ജസ്വലമായ ജനാധിപത്യത്തിന് ഇവയെല്ലാം ഭീതിജനകമായ അടയാളങ്ങളാണ്. ജനാധിപത്യം അപകടത്തിലാണ്. അതിനാല്‍ സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും പങ്ക് സുപ്രധാനമാണ്. ജനാധിപത്യം ക്ഷയിക്കുന്നത് തടയാന്‍ സുപ്രീംകോടതിക്ക് കഴിയും. അതില്‍ സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും റോള്‍ സുപ്രധാനമാണ്. നികുതി കേസുകളിലും ക്രിമിനല്‍ കേസുകളിലും അസാധാരണമാം വിധം യാഥാസ്ഥികനാണ് ജസ്റ്റിസ് ചന്ദ്രചൂഡ് എന്നും ദവെ പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കുള്ള ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ശിപാര്‍ശ ചെയ്ത തീരുമാനത്തിന് ഈ മാസം 17ന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. നവംബര്‍ 9 മുതല്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിയമനം പ്രാബല്യത്തില്‍ വരും.
ഇന്ത്യയുടെ 50-മത് ചീഫ് ജസ്റ്റിസ് ആണ് ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി.വൈ ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് പദവിയില്‍ രണ്ട് വര്‍ഷത്തെ കാലാവധിയുള്ള അദ്ദേഹം 2024 നവംബര്‍ 10ന് വിരമിക്കും. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് ഡി.വൈ. ചന്ദ്രചൂഡ്.
നിലവിലെ ചീഫ് ജസ്റ്റിസ് യു.യു. ലളിത് നവംബര്‍ എട്ടിനാണ് പദവിയില്‍ നിന്ന് വിരമിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കഴിഞ്ഞ ദിവസം ശിപാര്‍ശ നിലവിലെ ചീഫ് ജസ്റ്റിസ് യു.യു. ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശിപാര്‍ശ ചെയ്തിരുന്നു.
1998ല്‍ കേന്ദ്ര സര്‍ക്കാറിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് 2000 മാര്‍ച്ച് 29ന് ബോംബെ ഹൈകോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റു. 2013ല്‍ അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായി. 2016 മെയ് 13ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി.
Read more
സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്ന ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധിയെഴുതിയത് ജസ്റ്റിസ് ചന്ദ്രചൂഡ് ആയിരുന്നു. അയോധ്യയിലെ തര്‍ക്കഭൂമി കേസ്, ശബരിമല യുവതി പ്രവേശനം തുടങ്ങിയ കേസുകളില്‍ സുപ്രധാനമായ വിധികള്‍ പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചുകളിലും അദേഹം അംഗമായിരുന്നു.