ചൈന-പാകിസ്ഥാൻ സംയുക്ത പ്രസ്താവനയിൽ ജമ്മു കശ്മീരിനെ കുറിച്ചുള്ള പരാമർശം ഇന്ത്യ നിരസിച്ചു. കൂടാതെ പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഇരു രാജ്യങ്ങളോടും ഇന്ത്യ ആവശ്യപ്പെട്ടു.
ചൈനീസ് വിദേശകാര്യമന്ത്രിയുടെ സമീപകാല സന്ദർശനത്തിന് ശേഷം ചൈനയും പാകിസ്ഥാനും സംയുക്ത പ്രസ്താവനയിൽ നടത്തിയ ജമ്മു കശ്മീർ പരാമർശം ഞങ്ങൾ നിരസിക്കുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. 1947 മുതൽ പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യയുടെ പ്രദേശത്തുള്ള ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലെ പദ്ധതികളിൽ ഇന്ത്യ ചൈനയോടും പാകിസ്ഥാനോടും നിരന്തരം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്,” വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ പറഞ്ഞു.
“പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ സ്ഥിതിഗതികൾ മാറ്റുന്നതിനുള്ള മറ്റ് രാജ്യങ്ങളുടെ നടപടിയെ ഇന്ത്യ ശക്തമായി എതിർക്കുന്നു. അത്തരം നടപടികൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു, ”രവീഷ് കുമാർ വ്യക്തമാക്കി.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വാരാന്ത്യത്തിൽ പാകിസ്ഥാൻ സന്ദർശിക്കുകയും പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. സന്ദർശനത്തിൽ അതിർത്തി പ്രദേശങ്ങളുടെ സമഗ്രതയും പരമാധികാരവും സംരക്ഷിക്കുന്നതിനായി പാകിസ്ഥാന് ചൈന നൽകിയ പിന്തുണ ആവർത്തിച്ചു. ഓഗസ്റ്റ് 5- ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ അവസാനിപ്പിച്ചതിനു ശേഷം പാകിസ്ഥാനും ചൈനയും തമ്മിലുള്ള നയതന്ത്ര ചർച്ചകളുടെ ഭാഗമായിരുന്നു ഈ സന്ദർശനം.