ഇന്ത്യയുടെ 73 ശതമാനം സമ്പത്തും കയ്യാളുന്നത് ഒരു ശതമാനം മാത്രം ധനികര്‍

ഇന്ത്യയിലെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഒരു ശതമാനത്തോളം മാത്രമുള്ള ധനികര്‍ കയ്യാളുന്നത് ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 73 ശതമാനത്തോളമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ശക്തമായ സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം തുറന്നു കാണിക്കുന്ന റിപ്പോര്‍ട്ടാണ് ഓക്‌സ്‌ഫോം പുറത്തിറക്കിയത്.

കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട റി്‌പ്പോര്‍ട്ട് അനുസരിച്ച് 58 ശതമാനം സമ്പത്തായിരുന്നു അതിധനികരുടെ കൈവശമുണ്ടായിരുന്നത്. എന്നാല്‍, ഈ വര്‍ഷം ഇത് 73 ആയി ഉയര്‍ന്ന് സാമ്പത്തിക വിദഗ്ധരെയും സമൂഹ്യ വിദഗ്ധരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ധനികരുടേയും അതിശക്തരുടേയും വാര്‍ഷിക സമ്മേളനം ദാവോസില്‍ നടക്കാനിരിക്കെയാണ് ഓക്‌സ്ഫാമിന്റെ സര്‍വേ റിപ്പോര്‍ട്ട് പുറത്തെത്തിയത്.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മുക്കാല്‍ ശതമാനത്തോളം വരുന്ന ദരിദ്രരുടെ വരുമാനത്തില്‍ ഒരു ശതമാനം മാത്രം വര്‍ധന രേഖപ്പെടുത്തിയപ്പോഴാണ് ഇക്കാലയളവില്‍ അതിധനികരുടെ സമ്പത്തില്‍ ഇത്രെയും വര്‍ധന രേഖപ്പെടുത്തിയത്. ഇന്ത്യന്‍ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ധനികരുടെ സ്വത്തില്‍ കഴിഞ്ഞ വര്‍ഷം 20.9 ലക്ഷം കോടി രൂപയോളമാണ് വര്‍ധിച്ചത്. അതായത്, ഇന്ത്യയുടെ ഒരു വര്‍ഷത്തെ ബജറ്റിന് തുല്യമായ അത്രയും തുകയാണ് ഇവര്‍ക്ക് ഒരു വര്‍ഷം കൊണ്ട് വര്‍ധിച്ചത്.

അതേസമയം, ആഗോള തലത്തില്‍ തന്നെ ആഗോളത്തലത്തില്‍ തന്നെ ഏറ്റവും ഒരു ശതമാനം ധനികരുടെ പക്കലാണ് 82 ശതമാനം സമ്പത്തും ഉള്ളത് എന്നും സര്‍വേ പറയുന്നുണ്ട്. മൊത്തം സമ്പത്ത് വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിലേക്ക് മാറുന്നത് ആശങ്കാജനകമായ വസ്തുതയാണന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടു ദിവസത്തില്‍ ഒരാള്‍ എന്ന രീതിയിലാണ് കഴിഞ്ഞ വര്‍ഷം കോടിപതികളുടെ എണ്ണത്തില്‍ ലോകത്തുണ്ടായ വര്‍ധന. ആഗോള സമ്പദ് വ്യവസ്ഥ പണക്കാര്‍ക്ക് വീണ്ടും വീണ്ടും ധനം സമാഹരിക്കാന്‍ അവസരം നല്‍കുന്നതെങ്ങനെയെന്നും ഓക്‌സ്ഫാം ഇന്ത്യ ചൂണ്ടിക്കാണിക്കുന്നുണ്ട്.