എന്റെ മൂന്നാം വരവില്‍ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി ഇന്ത്യയെ ഉയര്‍ത്തും; രാജ്യത്തിന്റെ പുരോഗമനം നിലക്കില്ല; ഇതു നരേന്ദ്രമോദിയുടെ ഉറപ്പാണെന്ന് പ്രധാനമന്ത്രി

തന്റെ മൂന്നാം വരവില്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തവണയും താന്‍ പ്രധാനമന്ത്രിയാകുന്നതോടെ ലോകത്തിലെ തന്നെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഇന്ത്യയും ഇടം പിടിക്കും. വീണ്ടും ബിജെപി അധികാരത്തില്‍ വരുന്നതോടെ രാജ്യത്തിന്റെ പുരോഗമനം നിലയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ക് റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ നമ്മുടെ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നാകും. ഇത് മോദിയുടെ ഗ്യാരന്റിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായും നീതി ആയോഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ രാജ്യാന്തര എക്‌സിബിഷന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്താണ് അദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യാന്തര എക്‌സിബിഷന്‍ കണ്‍വന്‍ഷന്‍ സെന്ററിനെ ‘ഭാരത് മണ്ഡപം’ എന്നു പുനര്‍നാമകരണം ചെയ്യുകയും മോദി ചെയ്തു. ഗ്രോണ്‍ ഉപയോഗിച്ചായിരുന്നു മോദി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിക്ക് ഐ.ഇ.സി.സി വേദിയാകും. യുഎസ്, യുകെ, ചൈന തുടങ്ങി 20 രാജ്യങ്ങളുടെ തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ക്യാബിനറ്റ് മന്ത്രിമാര്‍, വ്യവസായ മേധാവികള്‍, സിനിമാ രംഗത്തെ പ്രമുഖര്‍ തുടങ്ങി മൂവായിരത്തോളം അതിഥികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കിഴക്കു തൊട്ട് പടിഞ്ഞാറു വരെ, വടക്കു തൊട്ട് തെക്ക് വരെ ഇന്ത്യയുടെ അടിസ്ഥാനസൗകര്യങ്ങള്‍ മാറുകയാണ്. ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍പ്പാലം ഇന്ത്യയിലാണ്. സമുദ്രോപരിതലത്തില്‍നിന്നു ഏറ്റവും ഉയരത്തിലുള്ള നീളമേറിയ തുരങ്കം ഇന്ത്യയിലാണ്. ഏറ്റവും ഉയരത്തില്‍ സഞ്ചരിക്കാവുന്ന റോഡ് ഇന്ത്യയിലാണ്, ഏറ്റവും വലിയ സ്റ്റേഡിയം, ഏറ്റവും വലിയ പ്രതിമ തുടങ്ങിയവ ഒക്കെ ഇന്ത്യയിലാണ്.

60 വര്‍ഷക്കാലം വെറും 20,000 കി.മീ. റെയില്‍പ്പാത മാത്രമാണ് വൈദ്യുതീകരിച്ചത്. എന്നാല്‍ കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ 40,000 കി.മീ. റെയില്‍പ്പാത വൈദ്യുതീകരിക്കാന്‍ സര്‍ക്കാരിനായി. ഓരോ മാസവും ആറു കി.മീ. മെട്രോ ലൈന്‍ രാജ്യം പൂര്‍ത്തിയാക്കുന്നു. ഗ്രാമങ്ങളിലെ ഏകദേശം നാലു ലക്ഷം കി.മീ. റോഡും പൂര്‍ത്തിയാകുന്നു. 2015ല്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ ശേഷി ഒരു വര്‍ഷം അഞ്ചുകോടിയായിരുന്നു. ഇന്നത് 7.5 കോടിയാണ്. വിമാനത്താവളങ്ങളുടെ എണ്ണം 150 ആയെന്നും മോദി പറഞ്ഞു

‘ഇന്ത്യയിലെ ദാരിദ്ര്യം അതിന്റെ അന്ത്യത്തിലേക്കെത്തിയെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ പോലും വ്യക്തമാക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം രാജ്യത്തെ പോളിസികളെയും നയങ്ങളെയും സര്‍ക്കാര്‍ ശരിയായ ദിശയിലൂടെ നയിച്ചു എന്നതാണ്. എല്ലാ നല്ല കാര്യങ്ങള്‍ക്കും തടസം നില്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കര്‍ത്തവ്യപാതയുടെ നിര്‍മാണം നടക്കുമ്പോള്‍ നിരവധി പലവിധത്തിലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

കോടതിയിലും വിഷയം ഉന്നയിക്കപ്പെട്ടു. ഇതേ പദ്ധതി നടപ്പിലാക്കിയപ്പോള്‍ കുറ്റപ്പെടുത്തിയവര്‍ തന്നെ നല്ലതാണെന്ന് തിരുത്തിയെഴുതിയെന്നും മോദി പറഞ്ഞു. ഞങ്ങളുടെ ആദ്യ ടേമില്‍, ഇന്ത്യ സാമ്പത്തിക രംഗത്ത് പത്താമതായിരുന്നു. എന്റെ രണ്ടാം ടേമില്‍ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി. മൂന്നാം ടേമില്‍ ഏറ്റവും വലിയ മൂന്നാം സാമ്പത്തികശക്തിയാക്കി ഇന്ത്യയെ മാറ്റും. ഇതു മോദിയുടെ ഉറപ്പാണ്.