രാജ്യത്തെ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യന്‍ സംഗീതം കേള്‍പ്പിക്കണം എന്ന ആവശ്യവുമായി വ്യോമയാന മന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് വിമാന കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മന്ത്രാലയം കത്തയച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ നിര്‍ദ്ദേശപ്രകാരമാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി.
ഇന്ത്യയ്ക്ക് സമ്പന്നമായ സംഗീത പാരമ്പര്യമുണ്ട്. അത് മത-സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് എന്നും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ലോകത്തെ മിക്ക വിമാനക്കമ്പനികളും അവരുടെ വിമാനങ്ങളില്‍ സ്വന്തം രാജ്യത്തെ സംഗീതമാണ് വെയ്ക്കുന്നത്. അമേരിക്കന്‍ വിമാനങ്ങളില്‍ ജാസ്, ഓസ്ട്രിയന്‍ എയര്‍ലൈനുകളില്‍ മൊസാര്‍ട്ട്, മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവയില്‍ വെയ്ക്കുന്ന അറബ് സംഗീതം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. സമ്പന്നമായ സംഗീത പാരമ്പര്യം ഉണ്ടായിട്ടും നമ്മുടെ വിമാനങ്ങളില്‍ ഇന്ത്യന്‍ സംഗീതം വെയ്ക്കുന്നില്ല എന്നും വ്യാമയാന മന്ത്രാലയം ജോയന്റ് സെക്രട്ടറി ഉഷ പധീ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനും വിമാനത്താവള അതോറിറ്റിക്കും അയച്ച കത്തില്‍ പറയുന്നു.
Thank you @Moca_GoI led by Hon’ble @JM_Scindia for issuing the advisory on playing Indian music in airplanes and airport premises. Great news for the Indian music fraternity. pic.twitter.com/h4HBvr2SDO
— ICCR (@iccr_hq) December 28, 2021
ഡിസംബര്‍ 23ന് ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിസര്‍ച്ച് ആസ്ഥാനത്ത് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനത്തിന് എത്തിയ മന്ത്രിക്ക് വിമാനത്താവളങ്ങളിലും വിമാനത്തിലും ഇന്ത്യന്‍ സംഗീതം വെയ്ക്കണമെന്ന് ആവശ്യം സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യം മന്ത്രിയെ അറിയിച്ചതായി കൗണ്‍സില്‍ ട്വീറ്റും ചെയ്തിരുന്നു. മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ പ്രമുഖ സംഗീതജ്ഞരായ അനു മാലിക്, കൗശല്‍ എസ് ഇനാംദാര്‍, മാലിനി അശ്വതി, റിത ഗാംഗുലി, വസീഫുദ്ദീന്‍ ദാഗര്‍ തുടങ്ങിയവരും ഒപ്പുവെച്ചിട്ടുണ്ട്.
Read more
അതിനിടെ, സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ടിഎം കൃഷ്ണ അടക്കമുള്ള സംഗീതജ്ഞര്‍ രംഗത്തെത്തി. ഇത്തരം നിര്‍ദേശങ്ങള്‍ അപകടകരമാണ് എന്ന് ഒരു സംഗീതജ്ഞന് എന്ന നിലയില്‍ പറയാനാകും. വര്‍ഷങ്ങളായി എയര്‍ ഇന്ത്യയിലും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങളിലും ക്ലാസിക്കല്‍ സംഗീതമാണ് കേട്ടു കൊണ്ടിരിക്കുന്നത്. ഇത് അടിസ്ഥാനപരമായി സരോദും സിത്താര്‍ ഖയാല്‍ സംഗീതവുമാണ്. നമ്മളാരും അതിനെ ചോദ്യം ചെയ്തിട്ടില്ല- അദ്ദേഹം പറഞ്ഞു.