2035ല്‍ ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍; 2040ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിലെത്തിക്കും; നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി

2040ല്‍ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍ അഥവാ ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍ 2035ഓടെ യാഥാര്‍ത്ഥ്യമാക്കാനും 2040ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിലെത്തിക്കാനും രാജ്യം ലക്ഷ്യമിടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ബഹിരാകാശ വകുപ്പ് ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിനായുള്ള മാര്‍ഗ്ഗ രേഖ തയ്യാറാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ശുക്രന്‍, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ ആരംഭിക്കാനും നരേന്ദ്ര മോദി ശാസ്ത്രജ്ഞര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചാന്ദ്രയാന്‍ 3 ന്റെ വിജയം ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയിട്ടുണ്ട്. ചന്ദ്രനിലെ ധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനായ നാലാമത്തെ രാജ്യമായി ഇന്ത്യ വിജയം കൈവരിച്ചിരുന്നു.