രാഹുൽ ഗാന്ധി വളർത്തുനായക്കിട്ട പേര് 'നൂറി'; മുസ്​ലിം പെണ്‍കുട്ടികളെയും സമുദായത്തെയും അപമാനിക്കുന്നുവെന്ന് ഒവൈസിയുടെ പാർട്ടി നേതാവ്

രാഹുൽ ഗാന്ധിയുടെ പുതിയ വളർത്തു നായയുടെ പേര് മുസ്ലിം പെൺകുട്ടികൾക്ക് അപമാനമെന്ന് എഐഎംഐഎം നേതാവ്. രാഹുൽ ഗാന്ധി ഗോവയിൽ നിന്ന് പുതുതായി ദത്തെടുത്ത നയക്കുട്ടിക്ക് ‘നൂറി’ എന്ന് പേരിട്ടതിനെതിരെയാണ് ഓള്‍ ഇന്ത്യ മജ്​ലിസ്–ഇ–ഇത്തിഹാദുല്‍ മുസ്​ലിമീന്‍ നേതാവ് മുഹമ്മദ് ഫര്‍ഹാന്‍ റാഹത്ത് വന്നിരിക്കുന്നത്.

രാഹുൽ ഗാന്ധി ഗോവയിൽ നിന്ന് മാതാവ് സോണിയാ ​ഗാന്ധിക്ക് സർപ്രൈസായി കൊണ്ടുകൊടുത്ത മൂന്ന് മാസം പ്രായമായ ജാക്ക് റസ്സൽ ടെറിയർ നായക്കുട്ടിക്കാണ് ‘നൂറി’ എന്ന് പേരിട്ടത്. ഗോവയിൽ നിന്ന് നായ്ക്കുട്ടിയെ ദത്തെടുത്തതും വിമാനത്തിൽ അമ്മയ്ക്ക് സമ്മാനമായി ഡൽഹിയിലേക്ക് കൊണ്ടുവരുന്നതും വീട്ടിലെത്തി കൈമാറുന്നതും കാണിക്കുന്ന വിഡിയോ രാഹുൽ​ ​ഗാന്ധി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി എതിർപ്പുമായി വന്നത്. നായ്ക്കുട്ടിക്ക് നൂറിയെന്ന് പേരിട്ടത് മുസ്​ലിം പെണ്‍കുട്ടികളെയും സമുദായത്തെ ഒന്നാകെയും അപമാനിക്കുന്നതാണെന്ന് മുഹമ്മദ് ഫര്‍ഹാന്‍ ആരോപിച്ചു.

Read more

മുസ്‌ലിങ്ങൾ സാധാരണയായി പെണ്‍മക്കള്‍ക്കിടുന്ന പേരാണ് നൂറിയെന്നും അദ്ദേഹം വാദിക്കുന്നു. രാഹുൽ ഗാന്ധിയുടെ നടപടി അപലപനീയവും ലജ്ജാകരവുമാണ്‌. മുസ്‌ലിം സമുദായത്തോടും പെൺകുട്ടികളോടും ഗാന്ധി കുടുംബത്തിന്റെ ബഹുമാനത്തെ പ്രതികൂലമായി പ്രതിഫലിപ്പിക്കുന്നതാണ് ഈ തീരുമാനമെന്നും മുഹമ്മദ് ഫര്‍ഹാന്‍ പറഞ്ഞു.