രാജ്യത്ത് സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം തുടങ്ങുമെന്ന് റിപ്പോർട്ട്. 2026 ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് നീക്കം നടക്കുന്നത്. അതേസമയം ജാതി സെൻസസ് ഉണ്ടാകില്ലെന്നും റിപ്പോർട്ടുകളുണ്ട്. സെൻസസ് നടപടികൾ ഉടൻ തുടങ്ങണമെന്നും ജാതിസെൻസസ് വേണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നു.
2021 ൽ തുടങ്ങേണ്ടിയിരുന്ന സെൻസസ് നടപടികൾ ഇത്രയും വൈകിയത് കൊവിഡ് അടക്കമുള്ള കാരണങ്ങളാലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 2011 ലെ സെൻസ് റിപ്പോർട്ടിലെ വിവരങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. അടുത്ത വർഷം വിവരശേഖരണം തുടങ്ങാൻ തയാറെടുപ്പുകൾ പൂർത്തിയായെന്നാണ് സൂചന. 2026 ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. എന്നാൽ ജാതി സെൻസസ് ഇത്തവണയുമുണ്ടാകില്ല.
പതിവുപോലെ വ്യക്തികളുടെയും കുടുംബത്തിന്റെയും പേരുവിവരങ്ങൾ, മതം, പട്ടികജാതി പട്ടികവർഗമാണോ എന്നിവ രേഖപ്പെടുത്താൻ മാത്രമാണ് സെൻസസ് ഫോമിൽ കോളമുണ്ടാവുക. സെൻസസ് പൂർത്തിയാക്കുന്നതിന് പിന്നാലെ മണ്ഡല പുനർ നിർണയ നടപടികളും തുടങ്ങും. അതേസമയം ജാതി സെൻസസ് നടത്താതെ ഒബിസി, പിന്നാക്ക വിഭാഗക്കാരെ കേന്ദ്രസർക്കാർ വീണ്ടും ചതിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ജാതി സെൻസസ് വേണമെന്ന് ജെഡിയു, ടിഡിപി തുടങ്ങിയ ഘടകക്ഷികളും ആവശ്യമുന്നയിച്ചിരുന്നു.