'പറഞ്ഞത് സത്യമാണ്, പ്രസംഗം കോണ്‍ഗ്രസില്‍ വെപ്രാളമുണ്ടാക്കി'; വിവാദ പരാമര്‍ശത്തില്‍ ഉറച്ച് പ്രധാനമന്ത്രി

തന്റെ വിഭാഗീയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമ്പത്തിന് മേല്‍ കൂടുതല്‍ അധികാരം മുസ്​ലിംകള്‍ക്കാണെന്ന് കോണ്‍ഗ്രസ് മുന്‍പ് പറഞ്ഞിട്ടുള്ളതെന്നും ജനങ്ങളുടെ സ്വത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണോ എന്നുമുള്ള തന്‍റെ പരാമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മോദി പറഞ്ഞു.

രാജസ്ഥാനില്‍ പറഞ്ഞത് സത്യമാണ്. പ്രസംഗം കോണ്‍ഗ്രസില്‍ വെപ്രാളമുണ്ടാക്കിയെന്നും സാധാരണക്കാരുടെ സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാനാണ് കോണ്‍ഗ്രസിന്‍റെ ഗൂഢാലോചനയെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു അധികാരത്തിലെങ്കില്‍ രാജ്യത്ത് സ്ഫോടന പരമ്പരയുണ്ടായേനെ. കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ സൈനികരുടെ തലയറുത്തേനെയെന്നും കൂട്ടിച്ചേര്‍ത്ത മോദി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാകില്ലായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

മുസ്ലിം വിഭാഗത്തെ കൂടുതൽ കുട്ടികളുള്ളവരെന്നും നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചാണ് മോദി ഇന്നലെ രാജസ്ഥാനിൽ പ്രസംഗിച്ചത്. ‘ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോൺഗ്രസ് പറഞ്ഞത്, രാജ്യത്തിന്റെ സമ്പത്തിൽ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങൾക്കാണ് എന്നാണ്. എന്നുവച്ചാൽ ഇപ്പോഴും അവർ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതൽ കുട്ടികൾ ഉള്ളവർക്കായിരിക്കും, നുഴഞ്ഞു കയറിയവർക്കുമായിരിക്കും. നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവർക്ക് നൽകണോ? നിങ്ങൾക്ക് അതിന് സമ്മതമാണോ?’ മോദി തിരഞ്ഞെടുപ്പ് യോഗത്തിൽ ചോദിച്ചു.

‘കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വർണ്ണം അവരെടുത്ത് നേരത്തെ പറഞ്ഞതുപോലെ വിതരണം ചെയ്യും. മൻമോഹൻ സിംഗ് സർക്കാരാണ് രാജ്യത്തിന്റെ സമ്പത്തിനു മുകളിൽ ഏറ്റവും കൂടുതൽ അവകാശമുള്ളത് മുസ്ലിങ്ങൾക്കാണെന്ന് പറഞ്ഞത്. ഈ അർബൻ നക്സൽ ചിന്താഗതികൾ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകൾ പോലും ബാക്കിവയ്ക്കില്ല’- എന്നും മോദി പറഞ്ഞിരുന്നു.

Read more

അതേസമയം രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് പ്രചാരണത്തിന് തുടക്കമിട്ടു. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തിരെഞ്ഞെടുപ്പ് കമ്മീഷന് നൽകും. പ്രകടനപത്രിക വിഷമായി ചർച്ച ചെയ്യാനായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയുള്ള കത്തിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രതികരിച്ചു.