ജഗ്ഗി വാസുദേവിൻ്റെ ഇഷ ഫൗണ്ടേഷൻ യോഗാ സെൻ്ററിൽ പൊലീസ് റെയ്‌ഡ്‌; മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

സ്വയം പ്രഖ്യാപിത സദ്ഗുരു ജഗ്ഗി വാസുദേവിൻ്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ യോഗാ സെൻ്ററിൽ പൊലീസ് റെയ്‌ഡ്‌. 150 പോലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് തിരച്ചിൽ നടത്തിയത്. അസിസ്റ്റൻ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ മൂന്ന് ഡെപ്യൂട്ടി സൂപ്രണ്ടുമാർ അടങ്ങുന്ന ഓപ്പറേഷനാണ് നടന്നത്.
മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

ജഗ്ഗി വാസുദേവനും ഇഷ ഫൗണ്ടേഷനുമെതിരെ നടപടികളുമായി ഇക്കഴിഞ്ഞ ദിവസമാണ് മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയത്. ഇഷ ഫൗണ്ടേഷനെതിരായുള്ള എല്ലാ ക്രിമിനൽ കേസുകളിലും മദ്രാസ് ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. സ്ഥാപനത്തിനെതിരെയുള്ള എല്ലാ കേസുകളുടെയും വിവരം തമിഴ്നാട് സർക്കാർ നൽകണമെന്നായിരുന്നു കോടതി ഉത്തരവ്. തന്റെ രണ്ട് പെൺമക്കൾക്കുവേണ്ടി കോയമ്പത്തൂർ സ്വദേശിയായ വിരമിച്ച പ്രൊഫസർ എസ് എസ് കാമരാജിന്റെ സമർപ്പിച്ച ഹെബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കേടതിയുടെ പരാമർശം. തന്റെ പെൺമക്കൾ കുടുംബം ഉപേക്ഷിച്ച് ഇഷ സെന്ററിൽ ജീവിക്കുന്നു എന്നായിരുന്നു ഹർജി.

തൻ്റെ രണ്ട് പെൺമക്കളെ തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി കേന്ദ്രത്തിൽ തടവിലാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. യോഗ സെന്റർ അവിടെ എത്തുന്ന വ്യക്തികളെ ഉപദേശങ്ങൾ നൽകി സന്യാസിമാരാക്കി മാറ്റുകയും കുടുംബവുമായി സമ്പർക്കം പുലർത്തുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യുകയാണെന്ന് കാമരാജ് ആരോപിച്ചു. നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള തന്റെ മക്കളെ ബ്രെയിൻ വാഷ് ചെയ്ത് ഫൗണ്ടേഷനിൽ താമസിപ്പിക്കുന്നു. മനം മാറ്റിയതിലൂടെയാണ് പെൺമക്കൾ തന്നെ വിട്ടുപോയതെന്നാണ് അദ്ദേഹം വാദിച്ചത്.

ജസ്റ്റിസുമാരായ എസ്എം സുബ്രമണ്യം, വി ശിവജ്ഞാനം എന്നിവരായിരുന്നു കേസ് പരിഗണിച്ചത്. ഇഷ ഫൗണ്ടേഷനെതിരെ നിരവധി ക്രിമിനൽ പരാതികൾ ഉള്ളതിനാൽ വിഷയത്തിൽ കൂടുതൽ പരിശോധന വേണമെന്നും കോടതി പറഞ്ഞു. ‘ഫൗണ്ടേഷനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളുടെ ഗൗരവതരവും അവിടെ താമസിക്കുന്നവര്‍ സംസാരിച്ച രീതിയും കണക്കിലെടുക്കുമ്പോൾ, ആരോപണങ്ങളുടെ പിന്നിലെ സത്യാവസ്ഥ മനസിലാക്കാൻ കുറച്ചുകൂടി ആലോചനകൾ ആവശ്യമാണ്’- കോടതി അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു ഇഷ ഫൗണ്ടേഷൻ യോഗാ സെൻ്ററിൽ പൊലീസ് റെയ്‌ഡ്‌ നടത്തിയത്.

Read more