ബീഫ് വിറ്റെന്ന് ആരോപിച്ച് ഝാർഖണ്ഡിൽ യുവാവിനെ ജനക്കൂട്ടം മർദ്ദിച്ചു കൊന്നു

ബീഫ് വിൽപ്പന നടത്തിയെന്ന് ആരോപിച്ച് ഝാർഖണ്ഡിൽ ഗ്രാമവാസികൾ 34 കാരനെ മർദ്ദിച്ചു കൊന്നു. ഝാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 34 കിലോമീറ്റർ അകലെയുള്ള ഖുന്തി ജില്ലയിലാണ് സംഭവം. ചെറുപ്പക്കാരനോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പുരുഷന്മാരെയും ജനക്കൂട്ടം ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

ബീഫ് വിൽക്കുന്നു എന്ന് അറിഞ്ഞതിനെ തുടർന്ന് അവിടത്തെ ഗ്രാമീണർ യുവാക്കളെ പിടികൂടി തല്ലിച്ചതച്ചതായി രാവിലെ പത്ത് മണിയോടെ കരാ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സ്റ്റേഷൻ ഇൻ ചാർജിനെ ഗ്രാമീണർ അറിയിക്കുകയായിരുന്നു എന്ന്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് എ വി ഹോംകർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട മൂന്നുപേരെ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് കൊണ്ടുപോയി. അവരിൽ ഒരാളായ കെലെം ബാർല ഗുരുതരമായ പരിക്കുകളോടെ മരിക്കുകയായിരുന്നു.

മർദ്ദിച്ചു ഏന്ന് സംശയിക്കുന്നവരുടെ പട്ടികയുടെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ നടത്തുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയവരെ ചോദ്യം ചെയ്യുകയാണെന്നും മറ്റുള്ളവരെപിടിക്കാൻ ടീമുകൾ രൂപീകരിച്ചിട്ടുണ്ട് എന്നും ഹോംകർ പറഞ്ഞു.

ഈ വർഷം ജൂൺ 17 ന് ഝാർഖണ്ഡിലെ സെറൈകേല ഖർസവാനിലെ തബ്രെസ് അൻസാർ എന്ന 24 കാരനെ “ജയ് ശ്രീ റാം” എന്ന് ചൊല്ലാൻ നിർബന്ധിച്ച്‌ മണിക്കൂറുകളോളം തൂണിൽ കെട്ടിയിട്ട് വടികൊണ്ട് അടിക്കുകയും നാല് ദിവസത്തിന് ശേഷം ജൂൺ 22 ന് ആശുപത്രിയിൽ വച്ച് ചെറുപ്പക്കാരൻ മരിക്കുകയും ചെയ്തിരുന്നു.

Read more

ഈ മാസം ആദ്യം, തബ്രെസ് അൻസാരിയുടെ ആൾക്കൂട്ട ആക്രമണത്തിന് പ്രതികളായവർക്കെതിരായ ആരോപണങ്ങൾ ഉപേക്ഷിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തബ്രെസ് അൻസാരി ഹൃദയാഘാതം വന്നാണ് മരിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ദിവസങ്ങൾക്കുശേഷം, പുതിയ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് പോലീസ് കൊലപാതകക്കുറ്റം പുന:സ്ഥാപിച്ചു.