ജസ്റ്റിസ് ലോയയുടെ മരണം അതീവ ഗൗരവസ്വഭാവമുള്ളതെന്നു കോടതി; ഹൃദയസ്തംഭനം മൂലമെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍

സിബിഐ പ്രത്യേക ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണം സംബന്ധിച്ച കേസ് അതീവ ഗൗരവസ്വഭാവമുള്ളതാതെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ച പരമാര്‍ശം നടത്തിയത്. കേസില്‍ എല്ലാ രേഖകളും പരിശോധിക്കണം. അല്ലാതെ കേവലം മാധ്യമ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്താന്‍ സാധിക്കില്ല. കേസില്‍ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് കോടതി സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കിയത്. കേസില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്.

സിബിഐ പ്രത്യേക ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണം സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചു. നിലവില്‍ ഈ ഹര്‍ജികള്‍ മുബൈ ഹൈക്കോടതിയുടെ പരിഗണയിലായിരുന്നു. രണ്ട് ഹര്‍ജികളാണ് സുപ്രീം കോടതിയിലേക്ക് മാറ്റുന്നത്.

മാധ്യമ പ്രവര്‍ത്തകനായ ബന്ധുരാജ് സാംബാജി ലോണ്‍, കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനവാല എന്നിവരാണ് ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദൂരുഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മരണം ഹൃദയസ്തംഭനം മൂലമെന്നു മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജാരായ മുതിര്‍ന്ന അഭിഭാഷകരായ ഹാരിഷ് സാല്‍വെയും മുകുള്‍ റോത്ത്ഗിയും കോടതിയെ ബോധിപ്പിച്ചു. കേസില്‍ അന്വേഷണം ആവശ്യമില്ലെന്നും ഇരുവരും കോടതിയില്‍ വാദിച്ചു.