ഇന്ത്യൻ നാവിക സേനക്ക് നേട്ടം, 'പഴുതാര' ഗണത്തിലെ അന്തർവാഹിനി കടലിൽ, ഇതാ 7 വിവരങ്ങൾ

സ്കോർപിയൻ ക്‌ളാസ്സിൽ പെടുന്ന ഏറ്റവും ആധുനികമായ അന്തർവാഹിനി – ഐ എൻ എസ് കാൽവരി- ഇന്നലെ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി ചേർന്നു. പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്തു. പൂർണ്ണമായും ഇന്ത്യയിൽ നിർമിച്ച ഇത്, ഇന്ത്യക്ക് അഭിമാന മുഹൂർത്തമാണ് നൽകുന്നതെന്ന് ചടങ്ങിൽ മോദി പറഞ്ഞു.

കടലിനടിയിൽ ഇന്ത്യൻ നാവിക സേനയുടെ നിർണ്ണായക സാന്നിധ്യമായി മാറുന്ന കാൽവരിയുടെ 7 വിവരങ്ങൾ ഇതാ.

1. ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ഏറ്റവും ആക്രമണകാരിയായ ടൈഗർ സ്രാവിന്റെ പേരാണ് ഈ അന്തർവാഹിനിക്കു നൽകിയിരിക്കുന്നത്.

2 . 67 .5 മീറ്റർ നീളവും 12 .3 മീറ്റർ ഉയരവുമുള്ള ഇതിന്റെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത് ഫ്രഞ്ച് കമ്പനിയായ ഡി സി എൻ എസ് ആണ്. മുംബയിലെ മസഗോൺ ഡോക്കിലാണ് അന്തർവാഹിനി നിർമിച്ചത്.

3 . സ്കോർപിയൻ ക്‌ളാസിൽ 6 അന്തർവാഹിനികളാണ് ഇവിടെ നിർമിക്കുന്നത്. 300 കോടി ഡോളറാണ് ഇതിന്റെ മൊത്തം ചെലവ്. 2006 ലാണ് ഇതിൽ ആദ്യത്തേതിന്റെ നിർമ്മാണം തുടങ്ങിയത്.

4 . സമുദ്ര യുദ്ധത്തിൽ ഏതു സാഹചര്യവും നേരിടാൻ സജ്‌ജമാണ്‌ ഈ സബ്മറൈൻ. പ്രതിരോധത്തെക്കാൾ ആക്രമണത്തിന് നേതൃത്വം നല്കാൻ ഇതിനു കഴിയും.

5 കാൽവരി എന്ന പേരിൽ ഒരു അന്തർവാഹിനി ഇന്ത്യ ആദ്യമായി കമ്മീഷൻ ചെയ്തത് 1967 ഡിസംബറിലാണ്. ഇതായിരുന്നു ഇന്ത്യയുടെ ആദ്യ അന്തർവാഹിനിയും. 1996 മെയിൽ ഇത് സേവനം പൂർത്തിയാക്കി വിരമിച്ചു.

6 . 2016 ലാണ് പുതിയ കാൽവരിയുടെ കടലിനടിയിലെ ട്രയൽ ആരംഭിച്ചത്. അത് വിജയകരമായി പൂർത്തിയാക്കിയ ശേഷമായിരുന്നു കമ്മീഷനിംഗ്. ഈ ഗണത്തിലെ രണ്ടാമത്തെ സബ്മറൈൻ – ഐ എൻ എസ്ഖണ്ഡേരി – ഇപ്പോൾ ട്രയൽ നടത്തുകയാണ്. താമസിയാതെ ഇത് കമ്മീഷൻ ചെയ്യും.

7 മിസൈൽ ഉൾപ്പടെയുള്ള ആയുധങ്ങൾ ഇവയ്ക്കു പ്രയോഗിക്കാൻ കഴിയും. പ്രതിരോധത്തിനായി ആധുനികമായ ആന്റി ടോർപ്പിഡോ ആയുധങ്ങളും ഇവയിൽ ഉണ്ട്.