ഭാരത് ജോഡോ യാത്രയില്‍ അണിചേരാന്‍ കമല്‍ഹാസനും; ഒപ്പം മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരും

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ പങ്കെടുക്കും. യാത്ര 24-ന് ഡല്‍ഹിയില്‍ എത്തുമ്പോള്‍ കമലും മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരും അണിചേരും. രാഹുല്‍ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമല്‍ഹാസന്‍ ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്.

മാര്‍ച്ചില്‍ തങ്ങളുടെ നേതാവ് ഹാസന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് എം.എന്‍.എം വക്താവ് മുരളി അപ്പസ് പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണ് ജോഡോയാത്രയില്‍ പങ്കെടുക്കുന്നതെന്ന് മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് എ.ജി. മൗര്യ പറഞ്ഞു. എന്നാല്‍, ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മൗര്യ കൂട്ടിച്ചേര്‍ത്തു.

കമലിന്റെ അധ്യക്ഷതയില്‍ എം.എന്‍.എമ്മിന്റെ അഡ്മിനിസ്ട്രേറ്റീവ്, എക്സിക്യൂട്ടീവ് കമ്മിറ്റിയും ജില്ലാ സെക്രട്ടറിമാരുടെ യോഗവും ഞായറാഴ്ച നടന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമല്‍ഹാസന്‍ ചില പ്രധാന തീരുമാനങ്ങള്‍ യോഗത്തില്‍ അറിയിച്ചതായും പാര്‍ട്ടിയുടെ തന്ത്രങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രവര്‍ത്തകരോട് ചര്‍ച്ച ചെയ്തതായും പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ. സഖ്യവുമായി കൈകോര്‍ക്കാന്‍ കമല്‍ഹാസന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്.