മതപഠനശാലയ്ക്ക് അവധികിട്ടാൻ ടെലിവിഷൻ രംഗം അനുകരിച്ച് കൊലപാതകം നടത്തി സഹപാഠികൾ. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ മദ്രസയിലാണ് അഞ്ചുവയസ്സുകാരനെ സഹപാഠികൾ ചേർന്ന് ക്രൂരമായി മർദിച്ച് കൊന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിയുകയായിരുന്നു.
ആന്തരികാവയവത്തിൽ ക്ഷതമേറ്റിരുന്നു. കുട്ടി മർദ്ദനത്തിനിരയായതായും കണ്ടെത്തി. മദ്രസയ്ക്ക് ലീവ് ലഭിക്കാൻ വേണ്ടിയാണ് മൂന്നു കുട്ടികൾ ചേർന്ന് ക്രൂരകൃത്യത്തിന് മുതിർന്നതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്‌ത് ഡൽഹി പോലീസ് അന്വേഷണം നടത്തി. തുടർന്നാണ് ക്രൂരമായ കൊലപാതകത്തിൻ്റെ വിവരം പുറത്തറിയുന്നത്.
പതിനൊന്ന് വയസുള്ള രണ്ടു വിദ്യാർഥികളും ഒമ്പത് വയസുള്ള ഒരു വിദ്യാർഥിയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കുട്ടികൾക്ക് വീട്ടിൽപോകാൻ അവധി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ സ്ഥാപനത്തിന് അവധി ലഭിക്കുന്നതിനുവേണ്ടിയാണ് കുട്ടികൾ കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ടി.വിയിൽ കണ്ട രംഗം അനുകരിച്ച് ഇവർ കൊലപാതകം നടത്തുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.