കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി

കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍ ആണെന്ന് കോടതി. റാഞ്ചി സിബിഐ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. കേസിനാസ്പദമായ സംഭവം നടന്ന് 25 വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.

കാലിത്തീറ്റ കുഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെയും അവസാനത്തേയും കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഡൊറാന്‍ഡ ട്രഷറിയില്‍നിന്നു 139.35 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ആദ്യത്തെ നാല് കേസിലും മുഖ്യപ്രതിയായ ലാലു പ്രസാദ് ശിക്ഷിക്കപ്പെട്ടിരുന്നു.

ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കാലത്തീറ്റ വാങ്ങിയത് സംബന്ധിച്ചുള്ള കണക്കുകളില്‍ കൃത്രിമത്വം കാണിച്ച് 950 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. കേസില്‍ 2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു. ഇതിന് ശേഷമാണ് ജാമ്യം ലഭിച്ചത്.