ബംഗ്ലദേശിനെതിരായ ചെന്നൈ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ജസ്പ്രീത് ബുംറ വീണ്ടുമൊരു വിസ്മയം തീരത്തിന് പിന്നാലെ യാതൊരു ബലഹീനതയുമില്ലാത്ത ബൗളർ എന്ന് താരത്തെ വിശേഷിപ്പിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബുംറയുടെ കഴിവുള്ള ഒരു കളിക്കാരൻ തങ്ങളുടെ ടീമിലുണ്ട് എന്നത് ഇന്ത്യയുടെ ഭാഗ്യമാണെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു.
അതേസമയം ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യ തന്നെ ഡ്രൈവിംഗ് സീറ്റിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 376 റൺസിന് മറുപടിയ്ക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ പേസർമാർ പിടിച്ച് കെട്ടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു കൂടുതൽ അപകടകാരി. ബംഗ്ലാദേശ് 149 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായപ്പോൾ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യ 81 – 3 എന്ന നിലയിലാണ്. നിലവിൽ ഇന്ത്യക്ക് 308 റൺ ലീഡ് ഉണ്ട്.
വെള്ളിയാഴ്ച ചെന്നൈയിൽ ബുംറയുടെ ബൗളിംഗ് മികവുകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ഇന്ത്യൻ ഫാസ്റ്റ് ബൗളറെ പ്രശംസിക്കാൻ തനിക്ക് വാക്കുകൾ കിട്ടുന്നില്ല എന്ന്മ ഞ്ജരേക്കർ പറഞ്ഞു. ESPNcriinfo-യിലെ ഒരു വീഡിയോയിൽ സംസാരിക്കവെ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു:
“അവൻ്റെ വ്യതിയാനങ്ങളെക്കുറിച്ചും ചിന്തകളെക്കുറിച്ചും നമുക്കെല്ലാവർക്കും അറിയാം. എപ്പോഴും ചിന്തിക്കുന്ന ഫാസ്റ്റ് ബൗളർമാരിൽ ഒരാൾ അവനാണ്. അവൻ ടസ്‌കിൻ അഹമ്മദിനെ പുറത്താക്കാൻ എറിഞ്ഞ പന്ത് മാത്രം നോക്കിയാൽ മതി താരത്തിന്റെ റേഞ്ച് അറിയാൻ. ഒരു കാര്യം കൂടി ഉറപ്പാണ്. ദൗർബല്യം ഇല്ലാത്ത ഏക ബോളർ അവനാണ്. പിച്ച് സാഹചര്യങ്ങൾ എന്തുമാകട്ടെ അവൻ മികച്ച് നിൽക്കും. യഥാർത്ഥത്തിൽ മഹത്വം വിലയിരുത്താനുള്ള ഏറ്റവും നല്ല മാർഗം അതാണ്.
“ഇയാളിൽ ഒരു ദൗർബല്യവും നിങ്ങൾ കാണുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹത്തെ അവരുടെ ഭാഗത്തുണ്ടായത് ഭാഗ്യമാണ്,” 59 കാരനായ മുൻ ഇന്ത്യൻ ബാറ്റർ കൂട്ടിച്ചേർത്തു.
ഇന്ന് മൂന്നാം ദിനത്തിൽ കൂടുതൽ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയമാണ് പ്രതീക്ഷിക്കുന്നത്.