അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ്ക്ക് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് വാഗ്‌ദാനവുമായി ഉത്തർ ഭാരതീയ വികാസ് സേന (യുബിവിഎസ്). ബിഷ്ണോയിയെ ഭഗത് സിംഗിനെപ്പോലെ ആണ് കാണുന്നതെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ സുനിൽ ശുക്ല പറയുന്നു. ഗുജറാത്തിലെ സബർമതി ജയിലിലുള്ള ബിഷ്ണോയിക്ക് സുനിൽ ശുക്ല കത്തയച്ചു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിർദേശം പാർട്ടി ബിഷ്ണോയിക്ക് മുന്നിൽവെച്ചു. ഉത്തർ ഭാരതീയ വികാസ് സേനയുടെ പ്രവർത്തകരും ഭാരവാഹികളും ലോറൻസ് ബിഷ്ണോയിയുടെ വിജയം ഉറപ്പാക്കുമെന്നും കത്തിൽ പറയുന്നു. താങ്കളുടെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചത്.
“ഞങ്ങൾ നിങ്ങളിൽ ഭഗത് സിംഗിനെ കാണുന്നു. പൂർവികർ ഉത്തരേന്ത്യക്കാരാണ് എന്നതിനാലാണ് ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ബിഹാർ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള, മഹാരാഷ്ട്രയിൽ ജനിച്ചു വളർന്ന ഒബിസി, എസ്‌സി, എസ്ടി വിഭാഗക്കാർക്ക് സംവരണം നിഷേധിക്കപ്പെടുന്നത്. ഇന്ത്യ ഒരൊറ്റ രാജ്യമാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഈ അവകാശം നഷ്ടമാകുന്നത്? നിങ്ങൾ പഞ്ചാബിൽ ജനിച്ച ഉത്തരേന്ത്യക്കാരനാണ് എന്നതിൽ അഭിമാനം”- എന്നാണ് സുനിൽ ശുക്ല ലോറൻസ് ബിഷ്ണോയിക്കയച്ച കത്തിൽ പറയുന്നത്.
Read more
ബോളിവുഡ് താരം സൽമാന് ഖാന് വധഭീഷണി മുഴക്കിയും ബാബ സിദ്ദിഖി വധത്തിലൂടെയും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നയാളാണ് ലോറൻസ് ബിഷ്ണോയി. നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലാണുള്ളത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാല് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. ലോറൻസ് ബിഷ്ണോയിയുടെ അനുമതി കിട്ടിയാൽ 50 പേരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്ന് സുനിൽ ശുക്ല പറഞ്ഞു.