ആധാറുമായി ലിങ്ക് ചെയ്യേണ്ട 6 കാര്യങ്ങൾ എന്തൊക്കെ ?

ആധാർ കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചാംഗ ഭരണഘടന ബെഞ്ച് നാളെ പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹർജി പരിഗണിക്കാനിരിക്കെ ഇതിനകം ആധാർ നിർബന്ധമാകുന്ന എന്തൊക്കെ ഉത്തരവുകളാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത് എന്ന് ഒറ്റ നോട്ടത്തിൽ നോക്കാം. പ്രധാനമായും ആറ് കാര്യങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവാണ് നിലവിൽ പുറപ്പെടുവിച്ചിരിക്കുന്നത്. അവ ഏതെല്ലാം എന്ന് നോക്കാം.

1 ആധാർ – പാൻ ലിങ്കിംഗ്

ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവാണ് ആദ്യം വന്നത്. ഇതിനു ഇപ്പോൾ നൽകിയിരിക്കുന്ന അവസാന തീയതി ഡിസംബർ 31 ആണ്. ഇത് 2018 മാർച്ച് 31 വരെ നീട്ടുന്ന നിർദേശം സർക്കാരിന്റെ പരിഗണയിൽ ഉണ്ട്.

2 ആധാർ -മൊബൈൽ ലിങ്കിംഗ്

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവ് ഉണ്ട്. ഇതിനുള്ള അവസാന തീയതി 2018 ഫെബ്രുവരി 6 ആണ്. മൊബൈൽ സേവനദാതാവിന്റെ സ്റ്റോർ സന്ദർശിച്ചോ, കസ്റ്റമർ സർവീസ് മുഖേനയോ ഇത് സാധ്യമാക്കാം.

3 ആധാർ- ബാങ്ക് അക്കൗണ്ട് ലിങ്കിംഗ്

ഓരോ ബാങ്ക് അക്കൗണ്ടും ആധാറുമായി ലിങ്ക് ചെയ്യണം. ഇതിനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. ഇപ്രകാരം ചെയ്യുന്നില്ലെങ്കിൽ ഡിസംബർ 31 നു ശേഷം ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകും. ബാങ്ക് ശാഖ വഴിയോ, മൊബൈൽ, ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ചോ ഇത് ചെയ്യാവുന്നതാണ്.

4 . ആധാർ – പ്രോവിഡന്റ് ഫണ്ട് ലിങ്കിംഗ്

എല്ലാ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകളും ആധാറുമായി ലിങ്ക് ചെയ്തിരിക്കണമെന്നത് നിർബന്ധമാണ്. ഇതിനു ഇപ്പോൾ ഒരു ഡെഡ്‌ലൈൻ നൽകിയിട്ടില്ല. എന്നാൽ എത്രയും വേഗം ഇത് ചെയ്യുന്നതായിരിക്കും നല്ലത്.

5 . ആധാർ – ഇൻഷുറൻസ് ലിങ്കിംഗ്

നിങ്ങളുടെ എല്ലാ ഇൻഷുറൻസ് പോളിസികളും ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. ഇതിനുള്ള അവസാന തീയതിയും ഡിസംബർ 31 തന്നെ.

6 . ആധാർ – റേഷൻ കാർഡ് ലിങ്കിംഗ്

ഭാവിയിൽ പൊതു വിതരണ വഴി ഭക്ഷ്യ ധാന്യങ്ങളും മറ്റും ലഭിക്കുന്നതിന് ആധാർ നിർബന്ധമാണ്. ഇത് റേഷൻ കട വഴി ചെയ്യാനാകും. ഇതിനായി കാർഡിൽ പേരുള്ള കുടുംബ നാഥൻ / നാഥയുടെ ആധാർ ആണ് ലിങ്ക് ചെയ്യേണ്ടത്.