'തമിഴ്‌നാടിന് അര്‍ഹമായ വെളളം വിട്ടുകിട്ടണം'; കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന് അറസ്റ്റിലായ എല്‍.ടി.ടി.ഇ അനുകൂലികള്‍

കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി തമിഴ്‌നാട്ടില്‍ എന്‍ഐഎയുടെ പിടിയിലായ എല്‍ടിടിഇ അനുകൂലികളുടെ മൊഴി. തമിഴ്‌നാടിന് അര്‍ഹമായ വെളളം വിട്ടുകിട്ടുന്നതിന് വേണ്ടി കേരളത്തില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഈ ലക്ഷ്യത്തിനു വേണ്ടി വേള്‍ഡ് തമിഴ് ജസ്റ്റിസ് കോടതി എന്ന പേരില്‍ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാനായിരുന്നു നീക്കമെന്നും ഇവര്‍ മൊഴി നല്‍കി.

സേലം സ്വദേശികളായ നവീന്‍ ചക്രവര്‍ത്തി (24), സഞ്ജയ് പ്രകാശ് (25) എന്നിവരാണ് എന്‍ഐഎയുടെ പിടിയിലായത്. കഴിഞ്ഞ ഏഴിന് ദേശീയ അന്വേഷണ ഏജന്‍സി എല്‍ടിടിഇ അനുകൂലികള്‍ക്കായി സേലത്തും ശിവഗംഗയിലും നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.

തമിഴ്നാട്ടിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും പ്രമുഖ നേതാക്കള്‍ക്കും നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവരുടെ താമസസ്ഥലത്തുനിന്ന് എല്‍ടിടിഇയെ കുറിച്ചുള്ള പുസ്തകങ്ങള്‍, കൊല്ലപ്പെട്ട നേതാവ് പ്രഭാകരന്‍ ഉള്‍പ്പെടെയുള്ള എല്‍ടിടിഇ നേതാക്കളുടെ ഫോട്ടോകള്‍, വെടിമരുന്ന്, സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ബില്ലുകള്‍, കാട്ടില്‍ കഴിയാനുളള കിറ്റുകള്‍, സയനൈഡിന് പകരമായി ഉപയോഗിക്കുന്ന വിഷ ചെടികളും വിത്തുകളും പിടിച്ചെടുത്തു.