നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിര്‍ണായക തീരുമാനങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ പദ്ധതിയിട്ട് മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇതുകൂടാതെ മൗലാന ആസാദ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പ്രവര്‍ത്തന മൂലധനവും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. സോഷ്യോളജി, സയന്‍സ്, ഗണിതം എന്നീ വിഷയങ്ങളും ഇംഗ്ലീഷ്, മറാത്തി, ഹിന്ദി, ഉറുദു എന്നീ ഭാഷകളുമാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്. ഇതിനായി നിയമിച്ച അധ്യാപകര്‍ക്കാണ് ശമ്പള വര്‍ദ്ധനവ്.
പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 6,000 രൂപയില്‍ നിന്ന് 16,000 രൂപയായാണ് വര്‍ദ്ധിപ്പിക്കുക. ബിഎഡ് ബിരുദമുള്ള സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ പ്രതിമാസ ശമ്പളം 8,000 രൂപയില്‍ നിന്ന് 18,000 രൂപയായി വര്‍ദ്ധിപ്പിക്കും. മൗലാന ആസാദ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പ്രവര്‍ത്തന മൂലധനം 600 കോടിയില്‍ നിന്ന് 1,000 കോടി രൂപയായി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ നല്‍കാനാണ് ഈ തുക വിനിയോഗിക്കുക.