ബംഗാളില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കളമൊരുക്കി ഇടതുപക്ഷത്തോട് കൈകോര്‍ക്കാനൊരുങ്ങി മമത. ഇതിനു മുന്നോടിയായി ബദ്ധശത്രുവും പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും രാജ്യത്തെ പ്രമുഖ മാര്‍ക്സിസ്റ്റ് നേതാവുമായിരുന്ന ജ്യോതി ബസുവിന്റെ പേരില്‍ തുടങ്ങാനിരിക്കുന്ന ഗവേഷണകേന്ദ്രത്തിന് മമത അനുമതി നല്‍കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നും ഉലച്ചില്‍ നിറഞ്ഞതായിരുന്നു മമതയും ജ്യോതിബസുവും തമ്മിലണ്ടായിരുന്നു ബന്ധം. ബലാത്സംഗ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഇടതു സര്‍ക്കാര്‍ മടിക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്ര സഹമന്ത്രിയായിരിക്കെ, സെക്രട്ടേറിയറ്റില്‍ ധര്‍ണ നടത്താനെത്തിയ മമതാ ബാനര്‍ജിയെ കാണാന്‍ ജ്യോതി ബസു കൂട്ടാക്കിയില്ല. ഇനി തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമേ സെക്രട്ടറിയേറ്റിലേക്കുള്ളൂവെന്ന് പറഞ്ഞാണ് മമത അവിടുന്നിറങ്ങിയത്. അങ്ങനെ പ്രക്ഷുബ്ധമായിരുന്നു മമതാ ബാനര്‍ജിയും ജ്യോതി ബസുവും തമ്മിലുള്ള ബന്ധം. പിന്നീട് മമത വിജയിച്ചു. അവര്‍ നിരവധി തവണ ജ്യോതി ബസുവിനെ സന്ദര്‍ശിക്കുകയും ചെയ്തു.
പശ്ചിമബംഗാളില്‍ കുടുതല്‍ തവണ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന് ഉചിതമായ സ്മാരകം പണിയുകയെന്നത് അദ്ദേഹത്തിന്റെ കാലശേഷം ഇടതുസര്‍ക്കാര്‍ ആലോചിച്ച കാര്യമായിരുന്നു. സര്‍ക്കാരിന്റെ അവസാനകാലത്ത് ജ്യോതി ബസുവിന്റെ പേരില്‍ ഗവേഷണ കേന്ദ്രത്തിനുള്ള പദ്ധതികള്‍ സി.പി.എം തുടങ്ങുകയും ചെയ്തു. ഭൂമി വാങ്ങി. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന മമതാ ബാനര്‍ജി ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായില്ല.
എന്നാല്‍ അതെല്ലം പഴയ കഥയായി മാറിയിരിക്കുന്നു. ബംഗാളിലെ രാഷ്ട്രീയം തിരിച്ചറിയാന്‍ കഴിയാത്ത മട്ടില്‍ മാറി. ഇടതിനെ നിലംപരിശാക്കിയ മമതയെ അട്ടിമറിക്കുമെന്ന് തോന്നിച്ചു കൊണ്ട് ബി.ജെ.പി കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ഇടതുപക്ഷത്തോടുള്ള പതിറ്റാണ്ടുകളായുള്ള ശത്രുത ഇനിയും കൊണ്ടുനടന്നിട്ട് കാര്യമില്ലെന്ന് മമത ബാനര്‍ജി തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് വേണം കരുതാന്‍. ബി.ജെ.പിക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ഇടതുപക്ഷത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇടതുപക്ഷം അതിന് തയ്യാറായില്ലെങ്കിലും അവരെ ശത്രുപക്ഷത്ത് നിര്‍ത്തേണ്ടെന്നാണ് മമതയുടെ തീരുമാനം.
കഴിഞ്ഞ ദിവസം തന്നെ വന്നുകണ്ട സി.പി.എം നേതാക്കളായ സൂര്യകാന്ത് മിശ്ര ഉള്‍പ്പെടെയുള്ള നേതാക്കളോട് മമത വ്യക്തമാക്കിയതും ഇടതുപക്ഷത്തോടുള്ള അവരുടെ മാറുന്ന സമീപനമായിരുന്നു. ജ്യോതിബസുവിന്റെ പേരില്‍ തുടങ്ങാനിരുന്ന ഗവേഷണ കേന്ദ്രത്തിനുള്ള തടസ്സങ്ങള്‍ നീക്കാമെന്ന് അവര്‍ സമ്മതിച്ചതായി നേതാക്കള്‍ പറഞ്ഞു. 4.15 കോടി ചെലവഴിച്ചായിരുന്നു ഇടതുസര്‍ക്കാര്‍ ജ്യോതി ബസുവിന്റെ സ്മരണാര്‍ത്ഥം ഗവേഷണ കേന്ദ്രത്തിനുള്ള സ്ഥലം വാങ്ങിയത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.എം നേതാക്കള്‍. ഭൂമി സി.പി.എമ്മിന്റെ പേരില്‍ ഉടന്‍ മാറ്റി നല്‍കുമെന്നാണ് മമത ബാനര്‍ജി പറഞ്ഞത്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സി.പി.എം നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.
Read more
ബംഗാളിലെ രാജാര്‍ഹട്ടിലാണ് ജ്യോതി ബസുവിന് സ്മാരകം ഉയരുന്നത്. ഈ പട്ടണത്തിന് ജ്യോതി ബസുവിന്റെ പേര് നല്‍കണമെന്നാണ് സി.പി.എമ്മിന്റെ മറ്റൊരാവശ്യം.