''വിപ്ലവം വരുന്നു''; ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിയെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. “”ഞാന്‍ കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി ’” എന്നായിരുന്നു കട്ജുവിന്റെ ട്വീറ്റ്. വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമങ്ങളുടെ  വീഡിയോയും പങ്കുവെച്ചായിരുന്നു കട്ജുവിന്റെ ട്വീറ്റ്.

https://twitter.com/mkatju/status/1206291182180921344

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്നലെ വൈകുന്നേരം ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധത്തില്‍ പ്രദേശവാസികളായ ചിലരും പങ്കെടുത്തിരുന്നു. ഇവര്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. പത്തോളം വാഹനങ്ങള്‍ അഗ്നിക്കിരയായി. അക്രമകാരികള്‍ സര്‍വകലാശാലയില്‍ കടന്നെന്ന് ആരോപിച്ച് ഡല്‍ഹി  പൊലീസ് അനുവാദം കൂടാതെ സര്‍വകലാശാലയില്‍ പ്രവേശിക്കുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയുമായിരുന്നു.

ഇതിനെ തുടര്‍ന്ന് പൊലീസിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തി. ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് പുലര്‍ച്ചെ നാല് മണി വരെ ഇവര്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥി സമരത്തിനിടെ നടന്നത് പൊലീസ് നരനായാട്ടാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പൊലീസ് ക്യാമ്പസിനകത്ത് കയറി ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമം ഉണ്ടായതിനു പിന്നില്‍ വിദ്യാര്‍ത്ഥികളല്ല, പുറത്തു നിന്നെത്തിയവരും പൊലീസുമാണെന്നും ഇവര്‍ ആരോപിക്കുന്നു. സര്‍വ്വകലാശായിലെ 67 വിദ്യാര്‍ത്ഥികളാണ് ഡല്‍ഹി പൊലീസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്നത്. ഇവരെ കേസ് രജിസ്റ്റര്‍ ചെയ്യാതെ തന്നെ പിന്നീട് വിട്ടയച്ചു.