എട്ട് ദിവസം മുന്‍പ് വിവാഹം; നവവധു ഉള്‍പ്പെടെ കുടുംബത്തിലെ എട്ട് പേരെ വെട്ടി കൊലപ്പെടുത്തി; പിന്നാലെ മരക്കൊമ്പില്‍ ജീവനൊടുക്കി പ്രതി

എട്ട് ദിവസം മുന്‍പ് വിവാഹിതനായ യുവാവ് കുടുംബത്തിലെ എട്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ ബോഡല്‍ കച്ചാര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു ക്രൂരകൃത്യം നടന്നത്. ബോഡല്‍ കച്ചാര്‍ സ്വദേശിയായ ദിനേശ് ആണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

പുലര്‍ച്ചെ ഉറങ്ങിക്കിടന്ന ഭാര്യ വര്‍ഷ ഭായ്, അമ്മ സിയ ഭായ്, സഹോദരന്‍ ശ്രാവണ്‍, ശ്രാവണിന്റെ ഭാര്യ ബരാതോ ഭായ്, ശ്രാവണിന്റെയും സഹോദരിയുടെയും മൂന്ന് മക്കള്‍ എന്നിവരെയാണ് ദിനേശ് വെട്ടിക്കൊലപ്പെടുത്തിയത്. എട്ടുപേരെ കൊലപ്പെടുത്തിയ പ്രതി കുടുംബത്തിലെ ബാക്കിയുള്ളവരെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ പുലര്‍ച്ചെ ഉണര്‍ന്ന കുടുംബത്തിലെ ഒരു സ്ത്രീ കോടാലിയുമായി നില്‍ക്കുന്ന ദിനേശിനെ കണ്ടതോടെയാണ് മറ്റുള്ളവരുടെ ജീവന്‍ രക്ഷപ്പെട്ടത്. ഇവര്‍ ദിനേശില്‍ നിന്ന് ആയുധം പിടിച്ചുവാങ്ങാനും പിന്തിരിപ്പിക്കാനും ശ്രമിച്ചതോടെ മറ്റ് ബന്ധുക്കളും സംഭവത്തില്‍ ഇടപെട്ടു. ഇതോടെ പ്രതി ഓടിയെത്തിയവരെയും ആക്രമിച്ച ശേഷം വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

Read more

തുടര്‍ന്ന് വീടിന് സമീപത്തെ മരത്തില്‍ പ്രതി തൂങ്ങി മരിക്കുകയായിരുന്നു. ദിനേശ് എട്ട് ദിവസം മുന്‍പാണ് വിവാഹിതനായത്. നേരത്തെ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ദിനേശ് ചികിത്സ നേടിയിരുന്നു. ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് കടന്നതോടെയായിരുന്നു യുവാവിന്റെ വിവാഹം.