മുന്ദ്ര തുറമുഖത്ത് വന്‍ ലഹരി വേട്ട; കസ്റ്റംസ് പിടിച്ചെടുത്തത് 110 കോടിയുടെ ലഹരി മരുന്ന്

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വന്‍ ലഹരി വേട്ട. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് തുറമുഖത്ത് നിന്ന് 110 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തത്. രാജ്‌കോട്ടില്‍ നിന്നുള്ള വ്യാപാരി പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ മുന്ദ്ര തുറമുഖത്ത് എത്തിച്ചതാണ് പിടിച്ചെടുത്ത ലഹരി മരുന്നെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു.

ദീര്‍ഘ സമയം ഉറങ്ങാതിരിക്കാന്‍ സഹായിക്കുന്ന ഫൈറ്റര്‍ ഡ്രഗ് എന്ന പേരില്‍ അറിയപ്പെടുന്ന ട്രമാഡോള്‍ ടാബുകള്‍ ഉള്‍പ്പെടെയാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ സിയേറാ ലിയോണ്‍, നൈജര്‍ എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ എത്തിച്ച ലഹരി മരുന്നുകള്‍ മുന്ദ്രയിലെ കസ്റ്റംസ് അധികൃതര്‍ പിടികൂടുകയായിരുന്നു.

ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ 110 കോടി രൂപ വില വരുന്നതാണ് പിടിച്ചെടുത്ത ലഹരി മരുന്ന്. ട്രമാഡോള്‍ ടാബുകള്‍ ഉള്ളില്‍ നിറച്ച് മുന്‍ ഭാഗത്തും പിന്‍ ഭാഗത്തും ഡൈക്ലോഫിനും ചേര്‍ത്താണ് ലഹരി മരുന്ന് കയറ്റി അയയ്ക്കാനെത്തിയത്. വേദന സംഹാരിയായ ഡൈക്ലോഫിന്‍ എന്ന പേരിലാണ് ലഹരി മരുന്ന് തുറമുഖത്തെത്തിച്ചത്.

കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് ഉള്‍പ്പെട്ട കണ്ടെയ്‌നര്‍ പിടികൂടിയത്. 1985ലെ എന്‍ഡിപിഎസ് നിയമം അനുസരിച്ച് നിരോധിച്ചതാണ് ട്രമാഡോള്‍.