മെഡിക്കൽ കോളജ് ആശുപത്രിയിലെ വൻ തീപിടുത്തം; യുപിയിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം

ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തീ ആളിപ്പടര്‍ന്ന് എന്‍ഐസിയുവില്‍ പുക നിറഞ്ഞതോടെ ജനലുകള്‍ തകര്‍ത്താണ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പും പ്രത്യേകം അന്വേഷണം നടത്തും. ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു അപകടം ഉണ്ടായത്.

Read more

സംഭവ സമയം തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും യോഗി വ്യക്തമാക്കി.