ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് വാദി പാർട്ടി അദ്ധ്യക്ഷയുമായ മായാവതി ആസന്നമായ നിയസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ബിഎസ്പി ജനറൽ സെക്രട്ടറിയും എംപിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മായാവതിയും താനും മത്സരിക്കില്ല. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ്പിയോ ബിജെപിയോ അധികാരത്തിൽ വരില്ല. ബി.എസ്.പി ആയിരിക്കും സർക്കാർ രൂപീകരിക്കുകയെന്നും സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. എന്നാൽ ഉത്തർപ്രദേശിൽ ബി.എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മത വിദ്വേഷ പ്രചാരണങ്ങൾ വർദ്ധിച്ചു വരുന്ന പ്രവണതയാണുള്ളത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ഞായറാഴ്ച പാർട്ടി യോഗത്തിൽ വെച്ച് മായാവതി പറഞ്ഞിരുന്നു.
Read more
ഉത്തർപ്രദേശിൽ 403 സീറ്റുകളിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, മാര്‍ച്ച് 7 എന്നീ തിയതികളിലായി ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. 202 ആണ് രാജ്യത്തെ ഏറ്റവും വലിയ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ.