പൊതു ശൗചാലയങ്ങളും മറ്റു സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്ന് പട്‌ന ഹൈക്കോടതി. ബിഹാറിലെ ദേശീയ പാതകളില്‍ പൊതു ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ജലത്തിനുള്ള അവകാശം, ആരോഗ്യത്തിനുള്ള അവകാശം, ആരോഗ്യകരമായ പരിസ്ഥിതിക്കുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളെ പോലെ തന്നെയാണ് വൃത്തിയോടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അവകാശമെന്നും കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് സഞ്ജയ് കരോളും ജസ്റ്റിസ് എസ് കുമാറും അടങ്ങുന്ന ബെഞ്ചാണ് പൊതു ശൗചാലയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ദേശീയ പാതകളില്‍ പൊതു ശൗചാലയങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ദേശീയ പാത അതോറിറ്റിക്കും പെട്രോള്‍ പമ്പുകള്‍ നടത്തുന്ന എണ്ണ കമ്പനികള്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പൊതു ശൗചാലയങ്ങളില്‍ വൃത്തിയില്ലായ്മയും സൗകര്യക്കുറവുകളും മൂലം സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുടേടുകളും കോടതി പരിഗണിച്ചു. പുരുഷന്മാര്‍ ലജ്ജയില്ലാതെ വഴിയരികില്‍ നിന്ന് ആവശ്യം നിറവേറ്റും, എന്നാല്‍ സ്ത്രീകള്‍ അങ്ങനെ ചെയ്യുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നില്ല, അതിനാല്‍ ശൗചാലയങ്ങളും മറ്റു സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും കോടതി വ്യക്തമാക്കി.
Read more
എല്ലാ പൊതു ശൗചാലയങ്ങളിലും സാനിറ്ററി നാപ്കിനുകള്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. അതിനായി വേണ്ട ജീവനക്കാരെ നിയമിക്കണം. ഇന്ത്യന്‍ ഭരണഘടനയും മനുഷ്യാവകാശങ്ങളും കണക്കിലെടുത്ത് റോഡ് യാത്ര നടത്തുന്ന എല്ലാ പൗരന്മാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും കോടതി അറിയിച്ചു.