കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് 'പണിത്' തമിഴ്‌നാട്; മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള നീക്കം തടഞ്ഞ് കത്ത്; ഭീഷണിയുമായി എംകെ സ്റ്റാലിന്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പുതിയ അണക്കെട്ടിനായുള്ള പഠനം നടത്താനുള്ള കേരളത്തിന്റെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ പരിഗണിച്ചതിനെതിരെ സ്റ്റാലിന്‍ രംഗത്തുവന്നിട്ടുണ്ട്. സുപ്രിംകോടതി ഉത്തരവുകളുടെ ലംഘനമാണ് ഈ നീക്കമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് അയച്ച കത്തില്‍ അദേഹം വ്യക്തമാക്കി.

പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി മെയ് 28നു നടത്താനിരിക്കുന്ന യോഗത്തില്‍ പരിഗണനാ വിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി തമിഴ്‌നാട് രംഗത്തെത്തിയത്.

മുല്ലപ്പെരിയാറില്‍ ഡാം നിര്‍മിക്കാനുള്ള വിശദ പദ്ധതി രേഖ ഒരുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ കേരളം തീരുമാനിച്ചിരുന്നു. പുതിയ ഡാം നിര്‍മിക്കാന്‍ ഏഴു വര്‍ഷം വേണ്ടിവരുമെന്നാണ് ജലസേചന വകുപ്പിന്റെ നിഗമനം. അടിയന്തര ആവശ്യമാണെങ്കില്‍ അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് വിലയിരുത്തല്‍.

മുല്ലപ്പെരിയാര്‍ ഡാമിന്റെ 366 മീറ്റര്‍ താഴെയാണ് കേരളം പുതിയ ഡാമിനായി കണ്ടെത്തിയ സ്ഥലം. പരിസ്ഥിതി ആഘാതപഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവ ലഭിക്കേണ്ടതുണ്ട്. പുതിയ ഡാമിന് ഡി.പി.ആര്‍ തയാറാക്കുന്നത് രണ്ടാം തവണയാണ്. 2011ല്‍ തയാറാക്കിയപ്പോള്‍ 600 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.

പുതിയ ഡാമിന് വേണ്ടിയുള്ള കേരളത്തിന്റെ ഇത്തരം നിര്‍ദേശങ്ങള്‍ പരിഗണിക്കരുതെന്ന് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിലുള്ള സുപ്രിംകോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍ ഉള്‍പ്പെടെ ശക്തമായ നിയമനടപടി തമിഴ്‌നാട് സ്വീകരിക്കുമെന്നുള്ള ഭീഷണിയും അദേഹം ഉയര്‍ത്തിയിട്ടുണ്ട്. .

സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിക്കും വിദഗ്ധ വിലയിരുത്തല്‍ സമിതിയിലെ എല്ലാ അംഗങ്ങളെയും വിശദമായി അറിയിച്ചിട്ടുണ്ട്. നിലവിലെ അണക്കെട്ട് എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധ സമിതികള്‍ ആവര്‍ത്തിച്ച് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം 2006ലും 2014ലും സുപ്രിംകോടതി അതിന്റെ വിധിന്യായങ്ങളില്‍ അംഗീകരിക്കുകയും ചെയ്തതാണ്.

2018-ല്‍ പുതിയ അണക്കെട്ടിനായി പാരിസ്ഥിതികാഘാത പഠനത്തിനുള്ള പരിഗണനാ വിഷയമായി കേരള സര്‍ക്കാര്‍ അനുമതി നേടാന്‍ ശ്രമിച്ചപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഏത് നടപടിക്കും കോടതിയുടെ അനുമതി വേണമെന്നാണ് ഉത്തരവ്. അതിനാല്‍, കേരളത്തിന്റെ പുതിയ നടപടി സുപ്രിംകോടതി ഉത്തരവിനെ അവഹേളിക്കുന്നതാണെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു.