ഗർഭിണിയെ ചുമന്ന് എം.എൽ.എയും സംഘവും നടന്നത് ആറുകിലോമീറ്റർ; ഇതാണ് യഥാര്‍ത്ഥ ജനപ്രതിനിധിയെന്ന് നാട്ടുകാര്‍

ഒഡിഷയിൽ ഗർഭിണിയായ യുവതിയെ ആറ് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ച എംഎൽഎയ്ക്കും സംഘത്തിനും അഭിനന്ദനപ്രവാഹം. ഒഡിഷയിലെ ബിജെഡി എംഎല്‍എ ആയ മന്‍ഹാര്‍ രണ്‍ദാരിയും സംഘവുമാണ് പൂര്‍ണ ഗര്‍ഭിണിയെ ആറ് കിലോ മീറ്റര്‍ ചുമന്ന ശേഷം കാറില്‍ ആശുപത്രിയിലെത്തിച്ചത്. സ്വന്തം മണ്ഡലമായ ദാബു​ഗാം സന്ദർശിക്കാന്‍ എത്തിയതായിരുന്നു എംഎൽഎ.

ഈ സമയത്താണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന് ആംബുലന്‍സ് വിളിച്ചെങ്കിലും ആ ഗ്രാമത്തിലേക്ക്  ആംബുലന്‍സ് എത്താന്‍ കഴിയുമായിരുന്നില്ല. ​ഗതാ​ഗതയോ​ഗ്യമായ റോഡ് ഇല്ലാത്തതിനാൽ അവിടെയ്ക്ക് വാഹനങ്ങൾക്ക് എത്താൻ സാധിക്കില്ലെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തി. ഇക്കാര്യം അറിഞ്ഞ ഉടനെ തന്നെ സഹപ്രവർത്തകർക്കൊപ്പം യുവതിയെ ചുമന്ന് താഴെയെത്തിക്കാൻ എംഎൽഎ തീരുമാനിക്കുകയായിരുന്നു. താഴെയെത്തിയതിന് ശേഷം കാറിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Read more

ഇതിൽ അസാധാരണമായി ഒന്നുമില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ, ജനങ്ങൾക്ക് ഒരു പ്രതിസന്ധിഘട്ടം വരുമ്പോൾ അവർക്കൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണ്. എംഎൽഎ പറഞ്ഞു. പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവതി നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.