മുസ്ലിം സ്ത്രീകളുടെ മുഖപടം മാറ്റി സ്ഥാനാർത്ഥി, വോട്ടറെ തല്ലി എംഎൽഎ; ഹൈദരാബാദിലെ വോട്ടെടുപ്പിനിടെ കൂട്ടയടി, വീഡിയോ വൈറൽ

വോട്ടുചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ മുഖപടം മാറ്റി പരിശോധിച്ചതിന് വ്യാപകമായി വിമര്‍ശനം നേരിട്ട് ഹൈദരാബാദ് ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലത. പോളിങ് ബൂത്തില്‍ കയറി മുസ്ലിം സ്ത്രീകളുടെ കയ്യില്‍ നിന്ന് ഐഡി കാര്‍ഡ് വാങ്ങി, അവരുടെ മുഖപടം മാറ്റാൻ ആവശ്യപ്പെടുന്ന ഇവരുടെ വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്.

പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥയെ പോലെ മാധവി ലത പെരുമാറുന്നത് വീഡിയോയില്‍ കാണാം. വീഡിയോയുടെ അവസാനഭാഗത്ത് പോളിങ് ഉദ്യോഗസ്ഥര്‍ അവരോട് പുറത്തുപോകാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആരെല്ലാമാണ് വോട്ട് ചെയ്യുന്നത്, ഇവര്‍ യഥാര്‍ത്ഥ ഐഡി കൊണ്ടാണോ വന്നിരിക്കുന്നത് എന്നെല്ലാം തനിക്കറിയണ്ടേ, അതിനാണ് പരിശോധന നടത്തുന്നത് എന്നായിരുന്നു ഇവരുടെ വിശദീകരണം.

ചട്ടലംഘനമാണ് മാധവി ലത ചെയ്തിരിക്കുന്നതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നുമുള്ള ആവശ്യമുയരുന്നുണ്ട്. അസദുദ്ദീൻ ഒവൈസിയാണ് മാധവി ലതയ്ക്കെതിരെ മണ്ഡലത്തില്‍ മത്സരിക്കുന്നത്.

അതേസമയം ഇന്ന് രാവിലെ ഗുണ്ടൂർ ജില്ലയിലെ ഒരു പോളിംഗ് ബൂത്തിൽ ക്യൂ ചാടിയതിനെ എതിർത്തതിനെ തുടർന്ന് എംഎൽഎ വോട്ടറെ തല്ലിച്ചതക്കുന്ന വീഡിയോയും വൈറൽ ആയിട്ടുണ്ട്. തെനാലിയിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംഎൽഎ എ ശിവകുമാർ വോട്ടറുടെ അടുത്തേക്ക് വരുന്നതും മുഖത്ത് അടിക്കുന്നതും ആണ് വീഡിയോയിലുള്ളത്. വോട്ടർ തിരിച്ചടിക്കുന്നതും എംഎൽഎയുടെ സഹായികളും വോട്ടർക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതും ദൃശ്യങ്ങളിലുണ്ട്.

Read more

10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മറ്റ് വോട്ടർമാർ ആക്രമണം തടയാൻ ശ്രമിക്കുന്നുത് കാണാം. എന്നാൽ വോട്ടറെ അക്രമിക്കുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുന്നില്ല എന്നത് വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്.