'പാകിസ്താന്‍' വിവാദത്തിന് പിന്നാലെ കരംഗ്രഹിച്ച് മോഡിയും മന്‍മോഹനും

ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പ്രചരണറാലിയില്‍ അരങ്ങേറിയ ആരോപണത്തിനും വാക്‌പോരിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഒരേ വേദിയിലെത്തി.പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. കണ്ടുമുട്ടുക മാത്രമല്ല ഇരുവരും ഹസ്ദാനം നടത്തുകയും ചെയ്തു.

പ്രധാനമന്ത്രിയാണ് ആദ്യം മന്‍മോഹനു നേര്‍ക്ക് കൈകൂപ്പിയത്. ശേഷം മന്‍മോഹന്‍ സിങ്ങും തിരിച്ച് അഭിവാദ്യം ചെയ്തു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സുഷമ സ്വരാജ്, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ കേന്ദ്രമന്ത്രിമാരെയും മോഡി അഭിവാദ്യം ചെയ്തു.

ഗുജറാത്തിലെ പാലന്‍പുരില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഡി വിവാദ പ്രസ്ഥാവന നടത്തിയത്. ഗുജറാത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പാക് സ്ഥാനപതി, പാക് മുന്‍ വിദേശകാര്യ മന്ത്രി എന്നിവര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു മോഡിയുടെ ആരോപണം.ഇത് വന്‍ വാക്‌പോരിന് വഴിതെളിച്ചിരുന്നു.

ഇതിനെതിരെ അതിശക്തമായ ഭാഷയിലാണ് മന്‍മോഹന്‍ സിങ് മറുപടി നല്‍കിയത്. ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് മോഡിയെ കൊണ്ട് ഇത് പറയിപ്പിച്ചതെന്നുമാണ് മന്‍മോഹന്‍ ഇതിനെതിരെ പ്രതികരിച്ചത്. തെറ്റായ ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി മാപ്പ് പറയണമെന്നായിരുന്നു മന്‍മോഹന്‍ സിംഗിന്റെ നിലപാട്. ഇതിനു തൊട്ടു പിന്നാലെയാണ് ഇരുവരും ഇന്ന് നേരില്‍ കണ്ടത്.