ഗുജറാത്ത് മോഡലിനെക്കുറിച്ച് ഇപ്പോള്‍ മിണ്ടാറില്ല, റാലികളില്‍ ഏറ്റവും കൂടുതല്‍ പറയുന്ന വാക്ക് 'രാഹുല്‍', മോഡി പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന വാക്കുകള്‍ ഇവയൊക്കെ

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങള്‍ ഇന്ന് കൊണ്ട് അവസാനിച്ചു. കേന്ദ്രത്തിലെ ഭരണം പോലും മാറ്റിവെച്ച് മോഡിയും സഹപ്രവര്‍ത്തകരും ഗുജറാത്തില്‍ ക്യാംപ് ചെയ്യുകയാണ്. ബിജെപി സ്‌പോണ്‍സേഡ് സര്‍വെ ഫലങ്ങള്‍ കാവിക്കൊടിക്ക് മേല്‍ക്കൊയ്മ പ്രവചിക്കുമ്പോഴും ഗ്രൗണ്ട് റിയാലിറ്റി എന്നത് ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയാണ് എന്നതാണ്.

ഗുജറാത്തില്‍ “ഈസി വോക്ക് ഓവര്‍” ലഭിക്കില്ലെന്ന ബിജെപിക്ക് ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് അമിത് ഷായും നരേന്ദ്ര മോഡിയും ഗുജറാത്തില്‍ നിരന്തരമായി റാലികള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഒന്നു രണ്ട് മാസങ്ങള്‍ക്കിടെ 29 ലേറെ റാലികളാണ് മോഡിയെ മുന്‍നിര്‍ത്തി ബിജെപി സംഘടിപ്പിച്ചത്. പണ്ടൊക്കെ ഗുജറാത്ത് മോഡലിനെക്കുറിച്ചും വികസനത്തെക്കുറിച്ചുമായിരുന്നു മോഡി സംസാരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അദ്ദേഹം സംസാരിക്കുന്നത് മുഴുവന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചാണ്.

കഴിഞ്ഞ 29 റാലികളില്‍ 621 തവണയാണ് നരേന്ദ്ര മോഡി രാഹുല്‍ ഗാന്ധി എന്ന വാക്ക് ഉപയോഗിച്ചത്. കോണ്‍ഗ്രസ് എന്ന വാക്ക് 427 തവണയും, സര്‍ദാര്‍ പട്ടേല്‍ എന്ന് 209 തവണയും ഉപയോഗിച്ചു. എന്നാല്‍ എപ്പോഴും മോഡിയുടെ തുറുപ്പുചീട്ടായിരുന്ന വികസനം എന്ന വാക്ക് 103ലേക്ക് ഒതുങ്ങി. ഹിന്ദുക്കള്‍ എന്ന് 93 തവണ പറഞ്ഞപ്പോള്‍ റാം എന്ന വാക്ക് 27 തവണ മോഡി ഉപയോഗിച്ചു. ഇത്രയൊക്കെ ആയിട്ടും ഗുജറാത്ത് മോഡല്‍ എന്ന വാക്ക് ഒറ്റത്തവണ പോലും മോഡി പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.

2014ലെ പൊതുതെരഞ്ഞെടുപ്പില്‍ മോഡിയെ കേന്ദ്രത്തിലേക്ക് എത്തിച്ചതില്‍ പ്രധാനപങ്കു വഹിച്ച പദങ്ങളില്‍ ഒന്നാണ് ഗുജറാത്ത് മോഡല്‍. താന്‍ ഒരു ദശാബ്ദക്കാലത്തോളം ഭരിച്ച ഗുജറാത്തിലെ വികസന നയങ്ങള്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്നും ഇന്ത്യയെ വികസനത്തിന്റെ പട്ടുപാവാട കൊണ്ടു പുതപ്പിക്കുമെന്നുമായിരുന്നു മോഡിയുടെ വാഗ്ദാനം. എന്നാല്‍, ഗുജറാത്ത് മോഡല്‍ ഒരു കുമിളയായിരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോള്‍ മോഡി പോലും ആ വാക്ക് ഉപയോഗിക്കുന്നില്ല എന്നത്.