വോട്ടെടുപ്പിനിടയില്‍ മോഡിയുടെ 'റോഡ് ഷോ'; ചട്ടലംഘനമെന്ന് കോണ്‍ഗ്രസ്സ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ മോഡി വോട്ട് ചെയ്ത ശേഷം റോഡ് ഷോ നടത്തിയത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം. മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ മോഡി നടന്നതും തുറന്ന വാഹനത്തില്‍ അദ്ദേഹം നിന്നു യാത്ര ചെയ്തതുമാണ് വിവാദമായത്.

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 93 മണ്ഡലങ്ങളിലായി 851 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടു ചെയ്തു മടങ്ങിയ മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മോഡി നടത്തിയ “റോഡ് ഷോ” തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് ഗേലോട്ട് ചൂണ്ടിക്കാട്ടി. മോഡി തുറന്ന വാഹനത്തില്‍ യാത്ര ചെയ്തത് ചട്ടലംഘനമാണെന്ന്  കോണ്‍ഗ്രസ് വക്താവ് ആര്‍.എസ്. സുര്‍ജേവാലയും ആരോപിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ ഗുജറാത്തിലെ ടിവി ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് അയച്ച തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി ഓഫിസില്‍നിന്നും പ്രധാനമന്ത്രിയില്‍നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രവര്‍ത്തനമെന്നും അശോക് ഗേലോട്ട് ആരോപിച്ചു.