ഹിന്ദുത്വത്തിന് മോദിയുടെ സംഭാവന വട്ടപ്പൂജ്യം; രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്തു; ഇന്ത്യക്ക് വിശ്വഗുരു ആകാനാവില്ലെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും സാമ്പത്തികവിദഗ്ധനുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. ഹിന്ദുത്വത്തിന് നരേന്ദ്രമോദിയുടെ സംഭാവന വട്ടപ്പൂജ്യമാണ്. മോദിയുമായി വ്യക്തിപരമായി പ്രശ്‌നമില്ല. പക്ഷേ, അദ്ദേഹത്തിന്റെ ചൈനയോടുള്ള നിലപാടിനോടും സാമ്പത്തികനയങ്ങളോടും എതിര്‍പ്പാണ്. അതിര്‍ത്തിത്തര്‍ക്കത്തില്‍ ചൈനയെ സൈനികമായി നേരിട്ടാലേ ഇന്ത്യക്ക് വിശ്വഗുരു ആകാനാവൂവെന്നും അദേഹം പറഞ്ഞു.

Read more

രാമക്ഷേത്രനിര്‍മാണത്തെ അവസാനംവരെ മോദി എതിര്‍ത്തിരുന്നുവെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചു.
ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് വിചാരണനടക്കുന്നതിനിടെയാണ് മോദി സുഹൃത്ത് ഗുരുമൂര്‍ത്തിയെക്കൊണ്ട് സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുപ്പിച്ചത്. ക്ഷേത്രംപണിയാന്‍ അനുവദിച്ച ഭൂമി തിരികെനല്‍കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. സുപ്രീംകോടതി ഹര്‍ജി തള്ളി. മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ദേശസാത്കരിച്ചതാണ് രാമക്ഷേത്രഭൂമിയെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ചെന്നൈയില്‍ പറഞ്ഞു.