തൃശൂരിലെ മങ്കിപോക്‌സ് മരണം; യുവാവിന് യു.എ.ഇയില്‍ നിന്ന് വിമാന യാത്രാനുമതി ലഭിച്ചത് എങ്ങനെയെന്ന് കേന്ദ്രം

തൃശൂരില്‍ മങ്കിപോക്‌സ് ബാധിച്ച യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണവുമായി കേന്ദ്രം. യുവാവിന് യുഎഇയില്‍ നിന്ന് വിമാനയാത്രാനുമതി ലഭിച്ചത് എങ്ങനെയാണെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം. ഇത് സംബന്ധിച്ച് യുഎഇ അധികൃതരുമായി കേന്ദ്രം ബന്ധപ്പെട്ടു.

രോഗി അസുഖവിവരം അധികൃതരെ അറിയിക്കാത്തത് ഗുരുതര വീഴ്ചയാണ് എന്നും കേന്ദ്രം പറഞ്ഞു. അതേസമയം രാജ്യത്തെ ആദ്യ മങ്കി പോക്‌സ് മരണത്തില്‍ ജാഗ്രതയിലാണ് കേന്ദ്രം. ചാവക്കാട് കുരഞ്ഞിയൂര്‍ സ്വദേശി ഹാഫിസാണ് മരിച്ചത്. ഇയാള്‍ക്ക് വിദേശത്ത് നടത്തിയ പരിശോധനയില്‍ മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ചിരുന്നു.

മങ്കിപോക്സ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും കുടുംബം മറച്ചുവച്ച സംഭവത്തില്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ 22 ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവ് വീട്ടിലെത്തിയെങ്കിലും 27നാണ് ചികിത്സ തേടിയത്. മുപ്പതിന് പുലര്‍ച്ചെ യുവാവ് മരിച്ചു. തുടര്‍ന്ന് ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴയിലേക്കും പിന്നീട് പൂനെയിലെ വൈറോളജി ലാബിലേക്കും അയക്കുകയായിരുന്നു. ഇന്നലെയാണ് പരിശോധനാ ഫലം ലഭിച്ചത്.

വ്യാപനം നിരീക്ഷിക്കാനും രോഗനിര്‍ണയത്തില്‍ കേന്ദ്രത്തിന് മാര്‍ഗനിര്‍ദേശം നല്‍കാനും ദൗത്യ സംഘത്തെ നിയോഗിച്ചു. രാജ്യത്ത് മങ്കിപോക്സിനുള്ള പരിശോധനാ സൗകര്യങ്ങള്‍ കൂട്ടാനുള്ള നീക്കവും ആരോഗ്യമന്ത്രാലയം തുടങ്ങി.