അയോദ്ധ്യയിലെ രാമക്ഷേത്രത്തിലൂടെ ബിജെപിയും കേന്ദ്രസർക്കാരും ഹിന്ദുത്വ രാഷ്ട്രത്തിന് അടിത്തറയിടുമ്പോൾ ശബ്നം എന്ന മുസ്ലീം യുവതി വാർത്തകളിൽ നിറയുകയാണ്. ഇസ്ലാം മതത്തിൽ പെട്ടയാൾ ആണെങ്കിലും ശബ്നം ഒരു രാമ ഭക്ത കൂടിയാണ്. മുംബൈയിൽ നിന്നും അയോധ്യയിലേക്ക് 1,425 കിലോമീറ്റർ കാൽനടയാത്രയുമായാണ് ശബ്നം വാർത്തകളിൽ ഇടം പിടിച്ചത്.
രാമൻ രാജ് ശർമ, വിനീത് പാണ്ഡെ എന്നീ മറ്റു രണ്ടു പേർക്കൊപ്പമാണ് ശബ്നം യാത്ര തിരിച്ചത്. രാമനെ ആരാധിക്കണെങ്കിൽ ഹിന്ദുവായിരിക്കണം എന്നു നിർബന്ധമില്ലെന്നും ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനമെന്നും ശബ്നം പറയുന്നു.ദിവസേന 25 മുതൽ 30 കിലോമീറ്റർ വരെയാണ് ഇവർ നടക്കുന്നത്. ശബ്നം ഇപ്പോൾ മധ്യപ്രദേശിലെ സിന്ധ്‍വയിൽ എത്തിയിട്ടുണ്ട്.
കാവി പതാകയും പിടിച്ച് മുന്നോട്ട് നീങ്ങുമ്പോൾ, മുസ്ലീങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ തനിക്ക് ‘ജയ് ശ്രീറാം’ വിളിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചതായും ശബ്നം പറയുന്നു.സോഷ്യൽ മീഡിയയിൽ ചില നെഗറ്റീവ് കമന്റുകൾ കണ്ടിട്ടും അതിലൊന്നും തളരാതെയാണ് ശബ്നം തന്റെ യാത്ര തുടരുന്നത്.
“ഭഗവാൻ രാമൻ ജാതിയോ മതമോ നോക്കാതെ എല്ലാവരുടെയും ദൈവമാണ്”, യാത്രയ്ക്ക് പിന്നിലെ പ്രചോദനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ശബ്നം പ്രതികരിച്ചു. പുരുഷൻമാർക്കു മാത്രമേ ഇത്തരം ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ നടത്താൻ കഴിയൂ എന്ന തെറ്റിദ്ധാരണ ഇല്ലാതാക്കാൻ കൂടിയാണ് തന്റെ ലക്ഷ്യമെന്നും ശബ്നം പറയുന്നു.
നീണ്ട നടത്തം മൂലം ക്ഷീണം തോന്നുന്നുണ്ടെങ്കിലും രാമനോടുള്ള ഭക്തിയാണ് തങ്ങളെ മുന്നോട്ട് നയിക്കുന്ന ചാലകശക്തിയെന്ന് മൂവരും പറയുന്നു. വഴിയിൽ ഇവർ കണ്ടുമുട്ടുന്ന ആളുകൾ ഇവരെക്കുറിച്ചുള്ള കഥകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഈ തീർത്ഥാടനം വൈറലായത്.
Read more
നടന്ന് വരുന്ന ശബ്നത്തിന് സുരക്ഷയും, താമസവും ഭക്ഷണവും ഒരുക്കുവാൻ പൊലീസ് ഉൾപ്പെടെ സഹായസ്തവുമായി രംഗത്തുണ്ട്. മഹാരാഷ്ട്രയിലെ പ്രശ്നബാധിത മേഖലകളിലൂടെ കടന്നുപോയപ്പോഴും പൊലീസ് യുവതിയുടെ സുരക്ഷ ഉറപ്പാക്കുകയും പലയിടത്തും അപകടങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്തിരുന്നു.