ജസ്റ്റിസ് എൻ. വി രമണ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാവും. എൻ. വി രമണയെ ചീഫ് ജസ്റ്റിസായി നിയമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശുപാർശ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകരിച്ചു.
രമണയുടെ പേര് ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. നിലവിലെ ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡ ഈ മാസം 23ന് വിരമിക്കും. ഏപ്രിൽ 24 ന് എൻ വി രമണ സത്യപ്രതിജ്ഞ ചെയ്യും.
ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ കഴിഞ്ഞാൽ നിലവിൽ സുപ്രിം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് എൻ.വി.രമണ. 1957 ഓഗസ്റ്റ് 27-ന് ജനിച്ച അദ്ദേഹത്തിന് 2022 ഓഗസ്റ്റ് 26 വരെ സർവ്വീസ് ബാക്കിയുണ്ട്.
ആന്ധ്രാപ്രദേശിലെ കർഷക കുടുംബത്തിൽ ജനിച്ച എൻ.വി.രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിതനാകുന്നത്. 2014-ൽ അദ്ദേഹം സുപ്രിം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.