അഖിൽ ഭാരതീയ അഖാഡ പരിഷത്തിന്റെ തലവനായ നരേന്ദ്ര ഗിരി ഉത്തർപ്രദേശിലെ പ്രയാഗ്രാജ് നഗരത്തിൽ ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. രാജ്യത്തെ സന്ന്യാസിമാരുടെ ഏറ്റവും വലിയ മതസംഘടനകളിൽ ഒന്നിന്റെ തലവനായിരുന്ന നരേന്ദ്ര ഗിരിയെ തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഇതിന്റെ ഉള്ളടക്കം പഠിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
“ഞങ്ങൾ കുറിപ്പ് വായിക്കുന്നു. നരേന്ദ്ര ഗിരി അസ്വസ്ഥനായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ മരണശേഷം ആശ്രമത്തിൽ എന്താണ് ചെയ്യേണ്ടതെന്നും ഒരു വിൽപത്രത്തിന്റെ രൂപത്തിൽ കുറിപ്പിൽ എഴുതിയിട്ടുണ്ട്,” പ്രയാഗ്രാജ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ കെപി സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്ത കേസിൽ നരേന്ദ്ര ഗിരിയുടെ ശിഷ്യനായ ആനന്ദ് ഗിരിയെ ഹരിദ്വാറിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
“അഖാര പരിഷത്ത് പ്രസിഡന്റ് ശ്രീ നരേന്ദ്ര ഗിരി ജിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. ആത്മീയ പാരമ്പര്യങ്ങളിൽ അർപ്പിതനായിരുന്നിട്ടും, സന്ത് സമാജത്തിന്റെ നിരവധി ധാരകളെ ഒരുമിച്ച് ബന്ധിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. ദൈവം തന്റെ കാൽക്കൽ ഒരു സ്ഥാനം അദ്ദേഹത്തിന് നൽകട്ടെ. ഓം ശാന്തി,” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
“അഖിൽ ഭാരതീയ അഖാഡ പരിഷത്തിന്റെ പ്രസിഡന്റ് മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം ആത്മീയ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് രാമന്റെ കാൽക്കൽ ഒരു സ്ഥാനം നൽകാനും ഈ വേദന സഹിക്കാൻ അനുയായികൾക്ക് ശക്തി നൽകാനും ഞാൻ പ്രാർത്ഥിക്കുന്നു.” യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
യുപി കോൺഗ്രസ് ഘടകവും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയും അനുശോചനം രേഖപ്പെടുത്തി.
Read more
വളരെ സ്വാധീനശക്തിയുള്ള ഒരു സന്ന്യാസിയായിരുന്നു നരേന്ദ്ര ഗിരി, വിവിധ കക്ഷികളിൽ ഉൾപ്പെട്ട രാഷ്ട്രീയക്കാർ പ്രയാഗ്രാജിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.