മൂക്കിലൂടെ നല്‍കാവുന്ന പുതിയ കോവിഡ് പ്രതിരോധ വാക്‌സിന് ഇന്ത്യയില്‍ അനുമതി

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് പ്രതിരോധ വാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ആദ്യം സ്വകാര്യ ആശുപത്രികളിലായിരിക്കും ഈ പ്രതിരോധ വാക്‌സിന്‍ ലഭ്യമാവുക. കോവിഡിന്റെ നാലാം തരംഗം ഉണ്ടാകുമെന്ന ആശങ്ക ലോകത്തെങ്ങും പരന്നതിന്റെ പശ്ചാത്തലത്തിലാണ് മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

രാജ്യവ്യാപകമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ഈ വാക്‌സിനും ഇന്നു മുതല്‍ സ്ഥാനം പിടിക്കും. ഭാരത് ബയോടെക് വികസിപ്പിച്ച ഈ പ്രതിരോധ വാക്‌സിന്‍ വേണ്ടവര്‍ കോ വിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പതിനെട്ട് വയസിന് മുകൡലുളള ഏത് വ്യക്തിക്കും ബൂസ്റ്റര്‍ ഡോസായി ഈ വാക്‌സിന്‍ നല്‍കാം.

കുത്തിവയ്പില്ലാത്ത ഈ പുതിയ പ്രതിരോധ വാക്‌സിന്‍ എല്ലായിടത്തും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര തിരുമാനം കൈക്കൊള്ളുകയായിരുന്നു. ചൈനയില്‍ കോവിഡ് വീണ്ടും കുതിച്ചുയരുന്നതായുള്ള റിപ്പോര്‍ട്ടുകളും, അമേരിക്കയുള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ വരികയും പോവുകയും ചെയ്യുന്ന രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നതുമായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നായിരുന്നു ഇത്്.