താമരയുള്ള ഷർട്ട്, കാക്കി പാന്‍റ്; പുതിയ പാർലമെന്റ് ജീവനക്കാരുടെ യൂണിഫോമിൽ അടിമുടി മാറ്റം

പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി പാർലമെന്റ് ജീവനക്കാരുടെ യൂണിഫോമിലും മാറ്റം വരുത്തി കേന്ദ്രസർക്കാർ. ക്രീം നിറത്തിലുള്ള ഷർട്ട്, കാക്കി പാന്‍റ്, ക്രീം ജാക്കറ്റ് എന്നിവയാണ് പുതിയ പാർലമെന്റ് ജീവനക്കാരുടെ യൂണിഫോം. ഷർട്ടിൽ പിങ്ക് നിറത്തിലുള്ള താമര അടയാളവുമുണ്ടാകും.

പാർലമെന്റിലെ 271 സ്റ്റാഫുകൾക്ക് വേണ്ടിയാണ് പുതിയ യൂണിഫോം അവതരിപ്പിച്ചിരിക്കുന്നത്. രാജ്യസഭ, ലോക്സഭ സ്റ്റാഫുകൾക്ക് ഒരേ യൂണിഫോമായിരിക്കും. ടേബിൾ ഓഫിസ്, നോട്ടീസ് ഓഫിസ്, പാർലമെന്‍ററി റിപ്പോർട്ടിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടായിരിക്കും ധരിക്കേണ്ടത്. പുതിയ യൂണിഫോമിൽ ഇരുസഭകളിലെയും മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉൾപ്പെടും.

പാർലമെന്‍റ് സുരക്ഷാ ചുമതലയുള്ള ഓഫിസർമാരുടെയും യൂണിഫോമിൽ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലെ നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടെ യൂണിഫോമിന് സമാനമായതാണ് ഇവർക്ക് നലകിയിട്ടുള്ളത്. വനിതാ ജീവനക്കാർക്ക് പുതിയ ഡിസൈനിലുള്ള സാരികളാണ് നൽകിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തിരിക്കുന്നത്.

Read more

സെപ്റ്റംബർ ആറിനകം എല്ലാ ജീവനക്കാരോടും പുതിയ യൂണിഫോം കൈപ്പറ്റാൻ നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ 18 നാണു പാർലമെന്റിൽ പ്രത്യേക സമ്മേളനം ആരംഭിക്കുന്നത്. 19 നു ഗണേശ ചതുർഥി ദിവസത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിലേ ആദ്യ സമ്മേളനം നടക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടന ചടങ്ങുകൾ ജൂൺ 1 നായിരുന്നു നടന്നത്.