ബിജെപിയ്ക്കെതിരെ പൊരുതാനും എൻഡിഎ സർക്കാരിനെ താഴെയിറക്കാനും ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപീകരിച്ച ഇന്ത്യ മുന്നണിയിൽ പൊട്ടിത്തെറിയെന്ന് സൂചന. മുന്നണിയിലെ ഭിന്നതകൾ വെളിവാക്കുന്ന പ്രതികരണമാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിനെതിരെയാണ് നിതീഷ് കുമാറിന്റെ ശബ്ദം ഉയർന്നത്.
ലോക്സഭ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന് താല്പര്യമില്ലെന്ന് നിതീഷ് കുമാര്‍ തുറന്നടിച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയുമായി നിതീഷ് കുമാർ നേരത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ സഖ്യരൂപീകരണം നടന്നതല്ലാതെ മറ്റ് പുരോഗതികളൊന്നും ഇല്ലെന്നായിരുന്നു വിമർശനം.കോൺഗ്രസിന്റെ ശ്രദ്ധ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലാണെന്നും നിതീഷ് കുമാർ വിമർശിച്ചു. എന്നാൽ നിതീഷ് കുമാർ ഉർത്തിയ വിമർശനങ്ങളോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read more
കോൺഗ്രസ് പ്രതികരിച്ചില്ലെങ്കിലും നിതീഷ് കുമാറിന്റെ പ്രസ്താവനയേയും, നിലവിലെ സാഹചര്യത്തേയും പരിഹസിച്ച് ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധി നടത്തേണ്ടത് ഇന്ത്യ ജോഡോ യാത്രയാണെന്നായിരുന്നു ബിജെപി നേതാവ് ഷെഹ്സാദ് പൂനെവാലയുടെ പരിഹാസം. ഇന്ത്യ സഖ്യത്തിന് ഉത്തരവാദിത്തമോ കാഴ്ചപ്പാടോ ഇല്ലെന്നും, സ്വന്തം താല്പര്യങ്ങള് നിറവേറ്റാന്‍ കൈകോര്ത്തവരെന്നുമായിരുന്നു അമിത് ഷായുടെ പരിഹാസം.