അഴിമതി തുടര്‍ക്കഥ; ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറിക്കുമേല്‍ അഴിമതി ആരോപണം

അഴിമതി ആരോപണം പേറി വീണ്ടും മോഡി സര്‍ക്കാര്‍. ഇത്തവണ ആരോപണ വിധേയനായിരിക്കുന്നത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറി വൈഭവ് ദാങ്കെ. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി വന്‍ ലാഭമുണ്ടാക്കിയതായ ആരോപണവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകനും ആര്‍എസ്എസ്-ബിജെപി നേതാക്കളും ചേര്‍ന്ന് നടത്തുന്ന ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സ്ഥാപനം സര്‍ക്കാര്‍ സഹായം സ്വീകരിക്കുകയും ലോബിയിംഗ് നടത്തി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഗഡ്കരിയുടെ സെക്രട്ടറിയും സമാന വിധത്തില്‍ അഴിമതി നടത്തിയതായി ആരോപണമുയരുന്നത്.

2014 ഓഗസ്റ്റ് 8 നാണ് വൈഭവ് ദാങ്കെ ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. ചുമതലയേറ്റ് രണ്ട് മാസം കഴിഞ്ഞ് ദാങ്കെ ഫെഡറേഷന്‍ ഓഫ് ഗ്രീന്‍ എനര്‍ജി (ഐഎഫ്ജിഇ) എന്ന പേരില്‍ ഒരു സ്വകാര്യകമ്പനി സ്ഥാപിച്ചു. മഹാരാഷ്ട്രയിലെ ചാലിസ്‌ഗോണ്‍ സ്വദേശി മോത്തിറാം കൃഷ്ണറാവു പാട്ടിലുമായി ചേര്‍ന്നാണ് കമ്പനി തുടങ്ങിയത്. ഇരുവര്‍ക്കും കമ്പനിയില്‍ 50 ശതമാനം വീതം ഓഹരിയാണുളളതെന്നാണ് ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര സിവില്‍ സര്‍വ്വീസ് ചട്ട പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആദായമുണ്ടാക്കുന്ന മറ്റ് തൊഴിലിലോ, പണമോ സംഭാവനയോ ലഭിക്കുന്ന തരത്തിലുളള മറ്റ് സേവനമോ ചെയ്യരുതെന്നാണ് ചട്ടം.

2015 സാമ്പത്തികവര്‍ഷം കമ്പനിയുടെ ബാലന്‍സ് ഷീറ്റ് പ്രകാരം 74 ലക്ഷം രൂപയാണ് കൈവശമുളളത്. അതില്‍ 73 ലക്ഷം രൂപം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റോ ഉപയോഗിക്കാത്ത സ്ഥിരനിക്ഷേപമാണ് . 2015-16ലെ ബാലന്‍സ് ഷീറ്റില്‍ കാണിച്ചിരിക്കുന്നത് 1.33 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണ്്. ഇത് സര്‍ക്കാര്‍ സഹായമാണെന്ന് അതെ വര്‍ഷത്തെ ബാലന്‍സ് ഷീറ്റില്‍ കാണുന്നതായും റിപ്പോര്‍ട്ട് പറയുന്നു.ഇത് സര്‍ക്കാര്‍ സഹായമാണെന്ന്് അതെ വര്‍ഷത്തെ ബാലന്‍സ് ഷീറ്റില്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു. ഈ രേഖകളില്‍പറയുന്നത് സര്‍ക്കാര്‍ ഐ എഫ് ജി ഇ കമ്പനിക്ക് സാമ്പത്തീക സഹായം നല്‍കിയെന്നാണ്.
എന്നാല്‍ ദാങ്കെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. മന്ത്രി നിതിന്‍ ഗഡ്കരി തന്റെ വകുപ്പില്‍ നിന്നും ഐഎഫ്ജിഇ കമ്പനിക്ക് ധനസഹായം നല്‍കിയിട്ടില്ല. ഐഎഫ്ജിഇ സ്ഥാപിക്കുമ്പോള്‍ അതിന്റെ ഭാഗമായിരുന്നു. അന്ന് താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നില്ല. സര്‍ക്കാര്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായതോടെ കമ്പനിയില്‍ നിന്നും രാജിവെച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണമായും ചാരിറ്റബിള്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാനുളള അവസരമുണ്ടായിട്ടും താന്‍ അതു വകവെയ്ക്കാതെ രാജി വയ്ക്കുകയായിരുന്നെന്നും അദ്ദേഹം ഹിന്ദുവിന് എഴുതിയ മറുപടി കത്തില്‍ വിശദമാക്കി.

എന്നാല്‍, രജിസറ്റാര്‍ ഓഫ് കമ്പനി രേഖകള്‍ പ്രകാരം ദാങ്കെ 50 ശതമാനം ഓഹരി ഇപ്പോഴും കൈവശം വെയ്ക്കുന്നുവെന്നാണെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അതെസമയം, കമ്പനിയുടെ വെബ്സൈറ്റില്‍ അതിന്റെ പേട്രണ്‍മാരായി കാണിച്ചിരിക്കുന്ന മന്ത്രിമാര്‍ നിതിന്‍ ഗഡ്കരിയും സുരേഷ പ്രഭുവും ഇതുസംമ്പന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.